ഹൈറിച്ചിന്റേത് 1630 കോടി രൂപയുടെ തട്ടിപ്പെന്ന് പൊലീസ് റിപോർട്ട്

LATEST UPDATES

6/recent/ticker-posts

ഹൈറിച്ചിന്റേത് 1630 കോടി രൂപയുടെ തട്ടിപ്പെന്ന് പൊലീസ് റിപോർട്ട്



തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് 1630 കോടിയുടെ തട്ടിപ്പെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപോർട്ട് സമർപ്പിച്ചു. ചേർപ്പ് പൊലീസ് ആണ് തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ ഹൈറിച്ച് കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപോർട്ട് കോടതിയിൽ സമർപ്പിച്ചത്.


വലിയ തട്ടിപ്പായതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറണമെന്നും പൊലീസ് റിപോർട്ടിൽ നിർദേശിക്കുന്നു. രാജ്യത്താകമാനമുള്ള 680 ഷോപ്പുകളിലായി ഒരു കോടി 63 ലക്ഷം ഉപഭോക്താക്കൾ ഹൈ റിച്ചിന് ഉണ്ടെന്നും റിപോർട്ടിൽ പറയുന്നുണ്ട്.


ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.


126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപനെ കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം ഡിസംബർ ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസായിരുന്നു ഹൈറിച്ചിന്റേത്.


കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂനിറ്റ് നടത്തിയ പരിശോധനയിൽ ആണ് വമ്പൻ വെട്ടിപ്പ് പുറത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 24ന് ജിഎസ്‍ടി ഇന്റലിജൻസ് -l യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ഓഫിസിലടക്കം റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡയറക്ടർമാർക്ക് സമൻസ് നൽകിയിരുന്നു.


റെയ്ഡിന് പിറകെ നവംബർ 24 ന് ഒരുകോടി അമ്പത് ലക്ഷവും നവംബർ 27 ന് 50 കോടിയും നൽകി കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി ശ്രമിച്ചെങ്കിലും പിടി വീഴുകയായിരുന്നു.

Post a Comment

0 Comments