ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു

ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു



പുതുച്ചേരി| പുതുച്ചേരിയില്‍ ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു. ആട്ടുപട്ടിയിലെ അംബേദ്കര്‍ നഗര്‍ കോളനിയിലെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പ്രദേശത്ത് അശാസ്ത്രീയമായി നടന്ന അഴുക്കുചാല്‍ നിര്‍മാണമാണ് വീട് തകരാന്‍ കാരണമെന്ന് വീട്ടുടമ ആരോപിച്ചു. അഴുക്കുചാല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ആര്‍.സാവിത്രിയുടെ വീട് കനാലിലേക്ക് ചെരിയുകയായിരുന്നു.


പണി പുരോഗമിക്കുന്നതിനാല്‍ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയാണ് വീട് തകരുന്നത് കണ്ടത്. പിന്നീട് അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെയും വായ്പകളെടുത്തും ആഭരണം പണയംവെച്ചുമാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീയാക്കിയത്. ഫെബ്രുവരി 11ന് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് വീട് തകര്‍ന്നു വീണത്.


എന്നാല്‍ അടിത്തറക്ക് ബലമില്ലാത്തതാണ് വീട് തകരാന്‍ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അതേസമയം, വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ അന്‍പഴകന്‍ പ്രതിഷേധം തുടങ്ങി.

Post a Comment

0 Comments