'കടം വാങ്ങി മടുത്തു, പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം'; ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു

LATEST UPDATES

6/recent/ticker-posts

'കടം വാങ്ങി മടുത്തു, പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം'; ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തുകോഴിക്കോട്: പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതിന് തുടർന്ന് ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ- 77 വയസ്) ആണ് ജീവനൊടുക്കിയത്. അയൽവാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല.


ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ ജോസഫ് അനാഥാലയത്തിലാക്കിയിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടാണ് ജോസഫ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. തുടർന്ന് ഗത്യന്തരമയില്ലാതെ വന്നതോടെ തന്റെയും മകളുടെയും മുടങ്ങിപ്പോയ പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു.

മന്ത്രി, ജില്ലാ കളക്‌ടർ, പെരുവണ്ണാമൂഴി പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ ജോസഫ് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് ജോസഫിന്റെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചു. ശേഷം ഒരാഴ്‌ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും പരാതി നൽകിയിരുന്നു.

'മൂത്ത മകൾ ജിൻസി കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാൻ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്. പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെൻഷൻ അനുവദിക്കണം. ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു'' നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ ജോസഫ് കുറിച്ചത് ഇങ്ങനെയാണ്.


എന്നാൽ ആരോപണം നിഷേധിച്ച് പഞ്ചായത്ത് രംഗത്ത് വന്നിട്ടുണ്ട്. ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് അല്ലെന്നും ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഇതിനോട് പ്രതികരിച്ചു.

പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും, കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി പല ആവശ്യങ്ങളും ഉന്നയിച്ച് ഇദ്ദേഹം കളക്‌ടര്‍ക്കുള്‍പ്പെടെ കത്ത് നല്‍കാറുണ്ടെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.

Post a Comment

0 Comments