ഇന്നലെ മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു: കേരള, കര്‍ണാടക സംയുക്ത സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; അന്വേഷിക്കാന്‍ വിദഗ്ധ സമിതി

LATEST UPDATES

6/recent/ticker-posts

ഇന്നലെ മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു: കേരള, കര്‍ണാടക സംയുക്ത സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; അന്വേഷിക്കാന്‍ വിദഗ്ധ സമിതി



വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് സുതാര്യമായി അന്വേഷണം നടക്കും. വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുക.


കാര്‍ണാടക കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആനയെ മയക്കുവെടി വയ്ക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആയിരുന്നുവെന്നു. ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ന നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലര്‍ച്ചെയോടെ ആന ചരിഞ്ഞത്.


ഇന്ന് ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടകയ്ക്ക് കൈമാറി. ആനയെ അര്‍ധരാത്രിയോടെയാണ് ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ടത്. തുറന്നുവിട്ടതിനു പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം.

ഇന്നലെ വൈകീട്ട് 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.


വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്.


Post a Comment

0 Comments