പൂർവവിദ്യാർഥി സംഗമത്തിലൂടെ പ്രണയം; വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; വധു പൊലീസ് സഹായം തേടി

LATEST UPDATES

6/recent/ticker-posts

പൂർവവിദ്യാർഥി സംഗമത്തിലൂടെ പ്രണയം; വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; വധു പൊലീസ് സഹായം തേടി



കണ്ണൂർ: പൂർവ വിദ്യാർഥി സംഗമത്തിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തിയെങ്കിലും മുഹൂർത്തത്തിന് എത്താതെ വരൻ. കണ്ണൂരിലാണ് അത്യന്തം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരൻ എത്താത്തതിനെ തുടർന്ന് വധുവും സംഘവും പൊലീസ് സഹായം തേടി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വരൻ വിവാഹിതനാണെന്നും രണ്ടു കിട്ടുകളുടെ പിതാവാണെന്നും അറിഞ്ഞു.


തലശേരി പൊന്ന്യം സ്വദേശിനിയുടെ വിവാഹമാണ് കണ്ണിച്ചാർ പാറയപ്പട്ടണം സ്വദേശിയുമായി നിശ്ചയിച്ചിരുന്നത്. ബുധനാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ മുഹൂർത്തമായിട്ടും വരനും സംഘവും എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും വരൻ ഫോൺ എടുത്തില്ല. ഇതേത്തുടർന്നാണ് വധുവും കുടുംബവും കേളകം പൊലീസിന്‍റെ സഹായം തേടിയത്. വരനെ കണ്ടെത്തണമെന്നതായിരുന്നു അവരുടെ അവശ്യം.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വരനായ യുവാവ് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞത്. ഈ വിവരം യുവതിയോടും വീട്ടുകാരോടും പറഞ്ഞു. ഇതേത്തുടർന്ന് വധുവും കുടുംബവും വിവാഹം നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് മടങ്ങിപ്പോകുകയായിരുന്നു.


യുവതിയും യുവാവും ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ ഇവർ പഠിച്ച ഹൈസ്കൂളിൽവെച്ച് നടത്തിയ പൂർവ വിദ്യാർഥി സംഗമത്തിനിടെയാണ് ഇരുവരും വീണ്ടും തമ്മിൽ കണ്ടത്. വർഷങ്ങൾക്കുശേഷം കണ്ട ഇവർ പരിചയം പുതുക്കി. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണെന്ന് പറഞ്ഞാണ് യുവാവ് യുവതിയുമായി അടുക്കുന്നത്.

തുടർന്ന് ഇരുവരും ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്ന് യുവാവ്, യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് വീട്ടുകാർ അറിയാതെയാണ് ബുധനാഴ്ച പൊന്ന്യത്ത് വെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചത്. എന്നാൽ വിവാഹ സമയമായിട്ടും വരനെ കാണാതായതോടെ വധുവും വീട്ടുകാരും പൊലീസിനെ സമീപിക്കുകയായിരുന്നു.


അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേളകം പൊലീസ് അറിയിച്ചു. വരനെ കണ്ടെത്തി നൽകണമെന്ന് മാത്രമാണ് യുവതി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല. വരൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബംഗളുരുവിൽ താമസിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം അറിയിച്ചതോടെ യുവതിയും കുടുംബവും വിവാഹസ്ഥലത്തുനിന്ന് തിരിച്ചുപോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments