സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത് സര്‍വീസസ് ആണെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാം

LATEST UPDATES

6/recent/ticker-posts

സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത് സര്‍വീസസ് ആണെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാംഇറ്റാനഗര്‍: കേരളം സെമി ഫൈനലില്‍ പുറത്തായ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ സര്‍വീസസ് ആണ് ജേതാക്കളായതെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാം. കാരണം സര്‍വീസസിന്റെ വിജയഗോള്‍ നേടിയത് മലയാളി താരം പിപി ഷഫീല്‍. യൂപിയ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 68ാം മിനിറ്റിലാണ് മലയാളി താരം പിപി ഷഫീല്‍ പട്ടാളക്കാരുടെ ടീമായ സര്‍വീസസിന് വേണ്ടി എതിര്‍വല കുലുക്കിയത്.


ആദ്യ പകുതിയില്‍ ഗോവന്‍ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനായി പലപ്പോഴും പിന്‍കാലിലൂന്നിയാണ് പട്ടാള സംഘം കളിച്ചത്. രണ്ടാം പകുതിയില്‍ കളിശൈലി മാറ്റിയ ടീം ഗോവയ്‌ക്കെതിരെ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. 67ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു. രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ ഉജ്ജ്വലമായൊരു ലോങ്‌റേഞ്ചറിലൂടെയാണ് വിജയഗോള്‍ വന്നത്. 20 വാരെ അകലെനിന്നുള്ള പിപി ഷഫീലിന്റെ ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ ഗോവന്‍ ഗോള്‍കീപ്പര്‍ക്കായില്ല. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഗോവ നിരന്തരം എതിര്‍ബോക്‌സിലേക്കെത്തിയെങ്കിലും കൃത്യമായ പ്രതിരോധകോട്ട തീര്‍ത്ത് സര്‍വീസസ് മറ്റൊരു സന്തോഷ് ട്രോഫി കിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തു.


സര്‍വീസസിന്റെ ഏഴാം കിരീടമാണിത്. ടീമില്‍ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലില്‍ ഷഫീലിന് പുറമെ രാഹുല്‍, വിജയ് എന്നിവര്‍ കളത്തിലിറങ്ങി. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോവ മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും വിജയംപിടിക്കാനായില്ല. ആദ്യ മിനിറ്റില്‍തന്നെ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. മിസോറാമിനെതിരായ സെമിയില്‍ നിന്ന് ഒരുമാറ്റവുമായാണ് സര്‍വീസസ് ഇറങ്ങിയത്.

Post a Comment

0 Comments