കരിപ്പൂർ (മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം തട്ടിയെടുക്കൽ കേസിൽ പിടിയിലായ പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ.പി.ജൈസലിനെ (39) കരിപ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. കൊല്ലം ഈസ്റ്റ് കല്ലട സ്റ്റേഷനിലെ മറ്റൊരു കേസിൽ പിടിയിലായി തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഴിയുന്നതിനിടെയാണ് കരിപ്പൂരിലെ കേസിലേക്ക് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.
ഇക്കഴിഞ്ഞ മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതിയാണ് ജൈസൽ. 8 പ്രതികളിൽ 3 പേർ സംഭവദിവസം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽനിന്നാണ് ജൈസലും സംഘത്തിൽ ഉള്ളതായി അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി. ഈ കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ തിരുവനന്തപുരത്തെ ജയിലിലേക്കുതന്നെ ജൈസലിനെ കൈമാറുമെന്നു പൊലീസ് പറഞ്ഞു.
പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ.
0 Comments