കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി എ.വി സൈജുവിനെ എറണാകുളം അംബ്ദേകര്‍ സ്‌റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്.
തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് മരണം.
2019ല്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ തന്നെ എസ്‌ഐ ആയിരുന്ന സൈജു വീടിന്റെ വാടകയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയ വനിതാ ഡോക്ടറുമായി അടുപ്പംകാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും ഇത് മുതലെടുത്ത് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്തു എന്നാണ് ഡോക്ടറുടെ പരാതി. വ്യാജരേഖ ചമച്ച് ജാമ്യം നേടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈജു സസ്‌പെന്‍ഷനിലായിരുന്നു.
വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019ല്‍ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ചാണ് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. അന്ന് എസ്‌ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചു. ഇതറിഞ്ഞ വനിതാ ഡോക്ടറെ ഭര്‍ത്താവ് ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടില്‍ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറില്‍ നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കില്‍ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേര് വച്ചു. പല തവണ തന്റെ കയ്യില്‍നിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ചപ്പോള്‍ സൈജു പ്രകോപിതനായി.
പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും താന്‍ എടുത്തില്ല. ഭീഷണി തുടര്‍ന്നതോടെ രക്തസമ്മര്‍ദം വര്‍ധിച്ച് ആശുപത്രിയിലായി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുള്‍പ്പെടെ കാണിച്ച് റൂറല്‍ എസ്പിക്കു പരാതി നല്‍കി. നടപടി വൈകിയതിനാല്‍ ഡിജിപിക്കും പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയില്‍ അന്വേഷണം വൈകുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് സൈജുവിനെതിരെ കേസ് എടുത്തത്.
0 Comments