സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളുരു യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബർ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരു-ചെന്നൈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍ പ്രവേശിച്ചത്. എയര്‍പോര്‍ട്ടില്‍ പ്രവേശിച്ച വികാസ് അവിടുത്തെ സൗകര്യങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയായിരുന്നു.
ഏപ്രില്‍ 12നാണ് വികാസ് വിവാദമായ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. വിമാനത്താവളത്തിനുള്ളില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്നും മറ്റും പറയുന്ന വീഡിയോയാണിത്. വീഡിയോ വൈറലായതോടെ വികാസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എയര്‍ പോര്‍ട്ടിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
വികാസ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ ഏപ്രില്‍ 15ന് പോലീസ് കേസെടുക്കുകയും ചെയ്തു. ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിപ്പിക്കുകയും ചെയ്തു.
പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നാണ് വികാസിന്റെ മൊഴി. കൂടുതല്‍ അന്വേഷണത്തിനായി ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടതായി പോലീസ് അറിയിച്ചു. ഐപിസി വകുപ്പ് 505, 448 പ്രകാരമാണ് വികാസിനെതിരെ കേസെടുത്തിരിക്കുന്നത്.
0 Comments