രാജ്യത്തെ സമ്പത്തിന്റെ 41 ശതമാനം മേല്‍ജാതിക്കാരുടെ കൈയില്‍; കുറവ് മുസ്ലിംകള്‍ക്കും പട്ടികജാതിക്കാര്‍ക്കും

LATEST UPDATES

6/recent/ticker-posts

രാജ്യത്തെ സമ്പത്തിന്റെ 41 ശതമാനം മേല്‍ജാതിക്കാരുടെ കൈയില്‍; കുറവ് മുസ്ലിംകള്‍ക്കും പട്ടികജാതിക്കാര്‍ക്കും



ന്യൂഡല്‍ഹി: രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിഭാഗവും ഹിന്ദു മേല്‍ജാതിക്കാരുടെ കൈയില്‍. സമ്പത്തിന്റെ 41 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് എണ്ണത്തില്‍ കുറവായ ഹിന്ദു മേല്‍ജാതി വിഭാഗമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് 2020-ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പത്ത് കുറവ് പട്ടികജാതി-വര്‍ഗ, മുസ്ലിം ജനവിഭാഗങ്ങള്‍ക്കാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. 


2020ല്‍ പുറത്തു വന്ന കണക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് നടത്തിയ ഓള്‍ ഇന്ത്യ ഡെറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ, സാമ്പത്തിക സെന്‍സസ് എന്നിവയില്‍നിന്നുള്ള ഡേറ്റ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപോര്‍ട്ട് പ്രകാരം സമ്പത്തിന്റെ ഉടമസ്ഥതയില്‍ ഹിന്ദു പിന്നാക്ക (ഒ.ബി.സി.) വിഭാഗമാണ് രണ്ടാമത്, 31 ശതമാനം. മുസ്ലിംകള്‍ക്ക് എട്ടു ശതമാനവും പട്ടികജാതിക്കാര്‍ക്ക് 7.3 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 3.7 ശതമാനവും മാത്രമാണ് സ്വത്തിന്റെ ഉടമസ്ഥവിഹിതം.


ഇന്ത്യയിലെ മൊത്തം മേല്‍ജാതി വീട്ടുടമകളുടെ തോതിന് ആനുപാതികമായല്ല അവരുടെ സ്വത്തുവിഹിതമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. കണക്ക് പ്രകാരം ഇന്ത്യയിലെ ഉയന്ന ജാതിക്കാരുടെ എണ്ണം 22.2 ശതമാനമാണ്.മേല്‍ജാതിക്കാരുടെ ആകെസമ്പത്ത് 1,46,394 ബില്ല്യന്‍ വരും. ഇത് എസ്ടി വിഭാഗക്കാരുടെ സമ്പത്തിന്റെ(13,268 ബില്ല്യന്‍) 11 ഇരട്ടിയാണ്. 28,707 ബില്ല്യനാണ് മുസ്ലിംകളുടെ സ്വത്ത് വിഹിതം.


ഹിന്ദു ഒ.ബി.സി. വിഭാഗക്കാര്‍ക്കാണ് സ്വര്‍ണത്തിന്റെ വിഹിതം ഏറ്റവും കൂടുതലുള്ളത് 39.1 ശതമാനം. ഹിന്ദു മേല്‍ജാതി-31.3 ശതമാനം, മുസ്ലിം-9.2 ശതമാനം, പട്ടികവര്‍ഗം-3.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ വിഹിതം.


 

Post a Comment

0 Comments