ഇ-പാസില്‍ കൈപൊള്ളി ഊട്ടിയും കൊടൈക്കനാലും; ലോട്ടറിയടിച്ചത് കേരളത്തിന്, മൂന്നാറില്‍ സഞ്ചാരി പ്രവാഹം

LATEST UPDATES

6/recent/ticker-posts

ഇ-പാസില്‍ കൈപൊള്ളി ഊട്ടിയും കൊടൈക്കനാലും; ലോട്ടറിയടിച്ചത് കേരളത്തിന്, മൂന്നാറില്‍ സഞ്ചാരി പ്രവാഹം



കഴിഞ്ഞ ആഴ്ചയാണ് ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തികളില്‍ പാസ് നിര്‍ബന്ധമാക്കി തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞത് വാര്‍ത്തയായിരുന്നു. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും പല സഞ്ചാരികളും ഊട്ടി-കൊടൈക്കനാല്‍ യാത്രയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഊട്ടിയില്‍ മേയ് മാസത്തില്‍ ദിവസേന ശരാശരി 20,000ത്തോളം സഞ്ചാരികള്‍ വരാറുണ്ടായിരുന്നു. ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചത്.

ഊട്ടിയിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മേട്ടുപ്പാളയം, ഗൂഡല്ലൂര്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസ് പരിശോധിച്ച് ഇ-പാസ് ഉണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് കടത്തിവിടുന്നത്. നീലഗിരി ജില്ലയിലെ കല്ലാര്‍, നാടുകാണി, ദേവാല, കക്കനെല്ല, പാട്ടവയല്‍ ചെക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി നൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. സഞ്ചാരികള്‍ കുറഞ്ഞതോടെ വലിയ പ്രതിസന്ധിയിലായത് ഹോട്ടല്‍-കോട്ടേജ് ഉടമകളാണ്. കൊടൈക്കനാലില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളും പകുതിയും കാലിയായിക്കിടക്കുകയാണ്. മെയ് ആറ് വരെ ഇവിടെ മണിക്കൂറുകള്‍ നീളുന്ന റോഡ് ബ്ലോക്കുകള്‍ ഉണ്ടായിരുന്ന സ്ഥിതിയായിരുന്നു. മെയ് ഏഴിന് ഇ-പാസ് നിലവില്‍ വന്നതോടെ സ്ഥിതിയാകെ മാറി. ഇതോടെ ഇ-പാസിനെതിരെ സമരപരിപാടികളുമായി ഹോട്ടലുടമകള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം തമിഴ്‌നാട്ടിലെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഏറ്റവും നേട്ടമുണ്ടാക്കിയത് ഊട്ടിയുടെയും കൊടൈക്കനാലിന്റെയും സമാനമായ കാലവസ്ഥയുള്ള മൂന്നാറാണ്. കടുത്ത ചൂടുണ്ടായിരുന്ന ഏപ്രില്‍ മാസം മൂന്നാറില്‍ സഞ്ചാരികള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 2006 ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഇപ്പോഴുള്ളത്. മൂന്നാറിലേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഞായറാഴ്ച മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കില്‍ സഞ്ചാരികള്‍ കുടുങ്ങി. പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല.


മൂന്നാര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹോട്ടല്‍ റൂമുകള്‍ കിട്ടാത്ത അവസ്ഥയാണ്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉള്ളത്. ചൂട് കുറഞ്ഞ് മഴ പെയ്യാനും തുടങ്ങിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരി പ്രവാഹം തുടരുമെന്നാണ് കരുതുന്നത്. കാന്തല്ലൂര്‍, സൂര്യനെല്ലി, കുമളി എന്നിവിടങ്ങളിലും വന്‍ തിരക്കാണ്. തമിഴ്‌നാട്ടിലെ ഇ-പാസ് പ്രതിസന്ധി കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അനുഗ്രമായിട്ടുണ്ട്. വയനാട്, ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി, ഇടുക്കിയുടെ മറ്റ് പ്രദേശങ്ങള്‍ എന്നിവടങ്ങളിലും ഇതര സംസ്ഥാന വിനോദസഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്.

Post a Comment

0 Comments