നീലേശ്വരം തൈക്കടപ്പുറത്ത് പുഴയിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി. ശക്തമായ കാറ്റിൽ പുലിമുട്ടിനിടിച്ച് ബോട്ട് പൂർണമായി തകർന്നു. ചെറുവത്തൂർ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ബോട്ടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. കനത്ത കാറ്റിലും മഴയിലും നങ്കൂരമിളകി ഒഴുകിപ്പോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ
കരയ്ക്ക് കയറി രക്ഷപ്പെട്ടിരുന്നു. നീങ്ങിപ്പോയ ബോട്ട് പിന്നീട് അഴിത്തല പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. അഴിത്തല തീരദേശ പോലീസിന്റെ വിവരമറിയിച്ചതനുസരിച്ച് പി.മനുവിന്റെ നേതൃത്വത്തിൽ ഫിഷറീസ് രക്ഷാ ബോട്ട് കടലിലിറങ്ങിയെങ്കിലും ശക്തമായ കാറ്റും തിരയുമുണ്ടായതിനാൽ പുലിമുട്ടിനടുത്തേക്ക് ബോട്ട് അടുപ്പിക്കാൻ സാധിച്ചില്ല. ഇങ്ങോട്ടേക്ക് നീന്തിയടുക്കാനുമായില്ല. പുലിമുട്ടിൽ തിരയടിച്ചു തകർന്ന ബോട്ടിൻ്റെ ഭാഗങ്ങൾ കടലിൽ ഒഴുകി നടക്കുകയാണ്. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബോട്ടും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.
0 Comments