കൊച്ചി: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പോലീസ് വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പിയെ കണ്ടെത്തിയതായി പോലീസ് റിപ്പോർട്ടിലില്ല
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. ഇദ്ദേഹമാണ് പോലീസുകാരെ വിരുന്നിന് എത്തിച്ചതെന്നാണ് അറിയുന്നത്. ആലുവ റൂറൽ എസ്.പി., ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിരുന്ന് സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
0 Comments