2024ലെ ലോക്‌സഭാ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ 5,54,598 വോട്ടുകള്‍ കാണാനില്ല. ജൂണ്‍ 4ന് പ്രഖ്യാപിച്ച ഫലപ്രഖ്യാപന കണക്ക് പ്രകാരം 362 ലോക്‌സഭാ മണ്ഡലങ്ങളിലായാണ് ഇത്രയും വോട്ടുകള്‍ അപ്രത്യക്ഷമായത്. ഇതു കൂടാതെ 176 മണ്ഡലങ്ങളില്‍ 35,093 വോട്ട് കൂടുതലുമുണ്ട്.
ഇവിഎമ്മില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ രേഖപ്പെടുത്തിയ പോളിങ് കണക്കും ഫല പ്രഖ്യാപന ദിനത്തില്‍ എണ്ണിയ വോട്ടുകളുടെ കണക്കും താരതമ്യം ചെയ്ത് ദി ക്വിന്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 542 ലോക്‌സഭാ മണ്ഡലങ്ങളില്‍ 538 എണ്ണത്തിലും വോട്ടുകളില്‍ കൂടുതലോ കുറവോ ഉള്ളതായാണ് കണ്ടെത്തിയത്.
ഇക്കാര്യത്തില്‍ തെളിവായി നിരവധി ഉദാഹരണങ്ങളും ദി ക്വിന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ മെയ് 25ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 14,30,738 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ ജൂണ്‍ 4ന് ഈ മണ്ഡലത്തില്‍ എണ്ണിയത് 14,13,947 വോട്ടുകള്‍ മാത്രം. വ്യത്യാസം 16,791 വോട്ടുകള്‍.
അസമിലെ കരീംഗഞ്ചില്‍ ഏപ്രില്‍ 26ന് ആണ് വോട്ടെടുപ്പ് നടന്നത്. പോള്‍ ചെയതത് 11,36,538 വോട്ടുകള്‍. എന്നാല്‍, എണ്ണിയപ്പോള്‍ കിട്ടിയത് 11,40,349 വോട്ടുകള്‍. അതായത് 3,811 വോട്ട് കൂടി.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. എന്നാല്‍, യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇതില്‍ വിശദീകരണം നല്‍കി എക്‌സില്‍ ഒരു കുറിപ്പിട്ടിരുന്നു. അതില്‍ പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം ചില ബൂത്തുകളിലെ വോട്ടുകള്‍ എണ്ണാതെ വിടുന്നത് കൊണ്ടാണ് ഈ വ്യത്യാസം വരുന്നതെന്നാണ്.
വോട്ടുകളുടെ എണ്ണം കുറയുന്നത് എങ്ങിനെ?
രണ്ട് സാഹചര്യങ്ങളിലാണ് ഇവിഎമ്മില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൗണ്ട് ചെയ്ത വോട്ടുകളുടെ എണ്ണം കുറയുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആദ്യത്തേത് മോക്ക് പോള്‍ (പോളിങ് തുടങ്ങുന്നതിന് മുമ്പ് യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുന്നതിന് ചെയ്യുന്ന സാമ്പിള്‍ പോള്‍) വോട്ടുകള്‍ യഥാര്‍ത്ഥ പോളിങ് തുടങ്ങും കണ്‍ട്രോള്‍ യൂനിറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രിസൈഡിങ് ഓഫിസര്‍ വിട്ടുപോവുക. അത് അല്ലെങ്കില്‍ വിവിപാറ്റില്‍ നിന്ന് മോക്ക് പോള്‍ സ്ലിപ്പുകള്‍ നീക്കം ചെയ്യാതിരിക്കുക. ഫോം 17സിയില്‍ പ്രിസൈഡിങ് ഓഫിസര്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും കണ്‍ട്രോള്‍ യൂനിറ്റിലെ വോട്ടുകളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുക എന്നതാണ് രണ്ടാമത്തെ സാഹചര്യം. പ്രിസൈഡിങ് ഓഫിസറുടെ അബദ്ധം മൂലം ഇങ്ങിനെ സംഭവിക്കാം.
ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ച ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത് അവസാന ഘട്ടത്തിലേക്ക് മാറ്റും. ഒന്നും രണ്ടും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം ഇത്തരം ബൂത്തുകളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ മാത്രമേ ഈ വോട്ടുകള്‍ എണ്ണുകയുള്ളു എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം. ഇങ്ങിനെ ചില ബൂത്തുകള്‍ എണ്ണാതെ ഒഴിവാക്കുന്നത് കൊണ്ടാണ് കൗണ്ട് ചെയ്യുന്ന വോട്ടുകള്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ചില മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകള്‍ യഥാര്‍ത്ഥ പോളിങിലേതിനേക്കാള്‍ കൂടിയത് എങ്ങിനെയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സുതാര്യത വേണം
വോട്ടുകളുടെ എണ്ണത്തിലുള്ള വ്യത്യാസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലാടിസ്ഥാനത്തില്‍ വിശദീകരിക്കണമെന്ന് ദി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സഹ സ്ഥാപകന്‍ ജഗ്ദീപ് ചോകാര്‍ പറഞ്ഞു. വോട്ടിങ് കണക്കുകള്‍ രേഖപ്പെടുത്തുന്ന 17സി ഫോം പൊതുജനങ്ങള്‍ക്ക് പരസ്യമായി ലഭ്യമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആന്ദ്രപ്രദേശിലെ ഓംഗോള്‍, ഒഡിഷയിലെ ബാലസോര്‍, മധ്യപ്രദേശിലെ മാണ്ട്‌ല, ബിഹാറിലെ ബുക്‌സാര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് എണ്ണിയ വോട്ടുകളുടെ എണ്ണം കൂടുതല്‍ കണ്ടെത്തിയത്. 809 വോട്ടുകള്‍ കൂടുതല്‍ കണ്ടെത്തിയ ഒഡിഷയിലെ ജയ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി രബീന്ദ്ര നാരായണ്‍ ബെഹ്‌റ ജയിച്ചത് കേവലം 1,587 വോട്ടുകള്‍ക്കാണ്. ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാര്‍ ഗൗതം 15,647 വോട്ടിന് ജയിച്ച യുപിയിലെ അലിഗഡ് മണ്ഡലത്തില്‍ 5,896 വോട്ടുകളുടെ വ്യത്യാസം ഉണ്ട്.
നിങ്ങളുടെ മണ്ഡലത്തില്‍ വോട്ടുകള്‍ വ്യത്യാസം വന്നിട്ടുണ്ടോ എന്നറിയാനുള്ള പ്രത്യേക മാപ്പും ദി ക്വിന്റ് തയ്യാറാക്കിയിട്ടുണ്ട്.
0 Comments