300 കോടിയുടെ സ്വത്ത്‌ ലക്ഷ്യമിട്ട് മരുമകള്‍ ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയപ്പനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

300 കോടിയുടെ സ്വത്ത്‌ ലക്ഷ്യമിട്ട് മരുമകള്‍ ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയപ്പനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി



മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വയോധികൻ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വഴിത്തിരിവ്. 300 കോടിയുടെ സ്വത്ത് സ്വന്തമാക്കാനായി മരുമകൾ ഗൂഢാലോചന നടത്തി രണ്ട് സഹായികളുടെ സഹായത്താല്‍ വയോധികനെ മന:പൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതൊരു സാധാരണ അപകട മരണമായി മാറ്റാനാണ് പ്രതികൾ ആദ്യം ശ്രമിച്ചത്. എന്നാൽ പോലീസിൻെറ കാര്യക്ഷമമായ അന്വേഷണത്തിലൂടെ യഥാർഥ സംഭവം പുറത്തുവന്നു.


മെയ് 22ന് നാഗ്പൂരിലെ ബാലാജി നഗരിയിൽ വെച്ചാണ് 82കാരനായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച് കൊല്ലപ്പെടുന്നത്. അമിത വേഗതയിലെത്തിയ കാർ റോഡിലൂടെ നടന്ന് പോവുകയായിരുന്ന പുരുഷോത്തമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാധാരണ അപകട മരണമെന്ന നിലയിൽ ജാമ്യം കിട്ടാവുന്ന കേസാണ് ഡ്രൈവർക്കെതിരെ ആദ്യം എടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ജാമ്യം ലഭിച്ച് ഡ്രൈവർ പുറത്തിറങ്ങുകയും കാർ വിട്ടുനൽകുകയും ചെയ്തിരുന്നു.

എന്നാൽ ചില ഉന്നത പോലീസ് ഉദ്യേഗസ്ഥരുടെ ഇടപെടൽ മൂലം കേസിൽ കൂടുതൽ അന്വേഷണം നടന്നു. ഇതോടെയാണ് കൊല്ലപ്പെട്ട പുരുഷോത്തമൻെറ മരുമകൾ അർച്ചനയും അവർ നിർദ്ദേശിച്ചത് പ്രകാരം കൊലപാതകം നടത്തിയ സാർഥക് ബഗ്ഡേയും ധാർമികും അറസ്റ്റിലായത്. പുരുഷോത്തമിനെ കൊലപ്പെടുത്തുന്നതിന് ഒരു കോടി രൂപയാണ് അർച്ചന സഹായികൾക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട് ആദ്യം അർച്ചനയെ മൂന്ന് ദിവസം മാത്രമേ പോലീസിന് കസ്റ്റഡിയിൽ വെക്കാൻ സാധിച്ചിരുന്നുള്ളൂ. അർച്ചനയുടെ കുടുംബ ഡ്രൈവറാണ് പ്രതികളിൽ ഒരാളായ സാർഥക് ബഗ്ഡേ. ആദ്യഘട്ടം മൂവരെയും ചോദ്യം ചെയ്തപ്പോൾ പോലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അപകടത്തിൻെറ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പോലീസിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.

അപകടത്തിന് ഇടയാക്കിയ കാറിൻെറ രജിസ്ട്രേഷൻ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രതികളായ ധാർമികും സാർഥകും ചേർന്നാണ് കൊലപാതകം നടത്താനായി പഴയ ഒരു കാർ വാങ്ങിയത്. ഇതിനായി ധാർമിക് 40000 രൂപയും സാർഥക് 120000 രൂപയും ചെലവഴിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് ശേഷം പ്രതികളെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ താൻ അർച്ചനയുടെ കയ്യിൽ നിന്ന് 3 ലക്ഷം രൂപയും കുറച്ച് സ്വർണവും വാങ്ങിച്ചിരുന്നുവെന്ന് ധാർമിക് സമ്മതിച്ചു. ബാക്കി തുക പിന്നീട് വാങ്ങിക്കാൻ ഇരിക്കുകയായിരുന്നു. ധാർമിക്കിൻെറ വീട്ടിൽ നിന്ന് പണവും മറ്റ് സ്വർണാഭരണവുമെല്ലാം പോലീസ് കണ്ടെടുത്തു. കേസ് അന്വേഷണത്തിൻെറ ഭാഗമായി അർച്ചനയെ പോലീസ് ജൂൺ 6 മുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ചന്ദ്രാപ്പൂരിൽ ടൗണ്‍ പ്ലാനിങ് വിഭാഗത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു അർച്ചന. പ്രതികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ തന്നെ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments