മക്ക: പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ് തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ( Hajj 2024: Day of Arafa ) തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. 20 ലക്ഷത്തിലേറെ ഹജ്ജ് തീര്‍ഥാടകരാണ് അറഫയില്‍ സംഗമിക്കുന്നത്.
ഇന്നലെ മിനായില്‍ തങ്ങിയ തീര്‍ഥാടകര്‍ ഇന്ന് നമിറ പള്ളിയിലെ പ്രാര്‍ഥനകള്‍ക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്‌മയില്‍ പ്രാര്‍ഥനകളില്‍ മുഴുകും. നമിറാ പള്ളിയില്‍ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിക്കുക. ഉച്ച മുതല്‍ സൂര്യാസ്തമനം വരെയാണ് അറഫയില്‍ ഹാജിമാര്‍ സമ്മേളിക്കുക. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് വേളയില്‍ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.
ആദിപിതാവും മാതാവും ഭൂമിലോകത്ത് പരസ്പരം അറിഞ്ഞയിടം. മുസ്ലിം ഉമ്മത്തിന്റെ പിതാവ് ഇബ്രാഹിം മാലാഖ ജിബ്രീലില്‍ നിന്നും ഹജ്ജുകര്‍മങ്ങള്‍ പഠിച്ചറിഞ്ഞ ദിനം, മനുഷ്യന്റെ എളിമയും പരസ്പര സ്‌നേഹവും പരസ്പരാശ്രയവും ഹാജിമാര്‍ അനുഭവിച്ചറിയുന്ന ദിനം… അതാണ് അറഫാ ദിനം.
തീര്‍ഥാടനത്തിന്റെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം സംഗമിക്കുന്ന അപൂര്‍വ സ്ഥലം കൂടിയാണ് അറഫ. ശരീരത്തെ പൊതിഞ്ഞ വസ്ത്രത്തിന്റെ ശുഭ്രതയിലേക്ക് മനസ്സുകളെ പരിവര്‍ത്തിപ്പിച്ച് ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയെ പ്രാര്‍ഥനാഭരിതമാക്കും.
മുതിര്‍ന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിര്‍വഹിക്കുന്നത്. മലയാളമുള്‍പ്പടെ 50 ലോക ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നമസ്‌കരിക്കും. വൈകുന്നേരം വരെ നാഥന് മുന്നില്‍ കരങ്ങളുയര്‍ത്തി കണ്ണീര്‍ വാര്‍ത്ത് തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.
റഫയിലേക്ക് ആരംഭിച്ച തീര്‍ഥാടക പ്രവാഹം ശനിയാഴ്ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീര്‍ഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ആശുപത്രികളില്‍ കഴിയുന്ന തീര്‍ഥാടകരെ ഉച്ചയോടെ ആംബുലന്‍സ് വഴിയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചവരെ എയര്‍ ആംബുലന്‍സ് വഴിയും അറഫയില്‍ എത്തിക്കും.
സൂര്യാസ്തമയം കഴിഞ്ഞാല്‍ ഉടന്‍ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേല്‍ക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചെ ജംറയില്‍ പിശാചിനെ കല്ലെറിഞ്ഞു, മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഇന്ത്യയില്‍നിന്നെത്തിയ ഒന്നേ മുക്കാല്‍ ലക്ഷം ഹാജിമാരും അറഫയില്‍ സംഗമിക്കും. അറഫയിലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവരില്‍ 53,000 തീര്‍ഥാടകര്‍ക്ക് മെട്രോ ട്രെയിന്‍ സൗകര്യമുണ്ട്. 20 മിനിറ്റ് കൊണ്ട് മിനായില്‍ നിന്നും അറഫയില്‍ അവര്‍ക്ക് എത്താനാവും. മറ്റുള്ളവര്‍ ബസ് മാര്‍ഗമാണ് അറഫയില്‍ എത്തുന്നത്.
0 Comments