പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അധിക താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

LATEST UPDATES

6/recent/ticker-posts

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അധിക താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിമലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം തുടരവെ പ്രശ്‌ന പരിഹാരത്തിനായി അധിക താല്‍കാലിക ബാച്ചനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിസന്ധി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആര്‍ഡിഡിയും  വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും ഈ സമിതിയില്‍ അംഗങ്ങളാകും.വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.


സപ്ലിമെന്ററി അലോട്ട്മെന്റോടെ പ്രശ്നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. റിപോര്‍ട്ട് ലഭിച്ചതിന് ശേഷം അധിക ബാച്ച് വേണോ എന്നതില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്തമാസം 7,8 തീയതികളിലാണ് സപ്ലെമെന്ററി അലോട്ട്മെന്റില്‍ അഡ്മിഷന്‍ നടക്കുക. സ്‌കോള്‍ കേരള വഴിയുള്ള അഡ്മിഷന്‍ സപ്ലിമെന്ററി അലോട്ട്മെന്റിലെ അഡ്മിഷന്‍ നടന്നതിന് ശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു.പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്ന സമിതി ജൂലൈ 5നകം റിപോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി.


സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇതിനെതിരായി നടത്തുന്ന സമരങ്ങള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിലും പ്രതിഷേധിച്ച് കെഎസ് യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിച്ചിരുന്നു. കെ എസ് യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ് മെന്റ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് എസ്എഫ്‌ഐയും രംഗത്തുവന്നിരുന്നു.

Post a Comment

0 Comments