വയനാട് ഉരുൾപൊട്ടൽ; മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

വയനാട് ഉരുൾപൊട്ടൽ; മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു



വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപോട്ടലിൽ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മൃതദേഹങ്ങൾ ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിൽ നിന്നും ശരീരങ്ങളും ലഭിച്ചു. സംഭവത്തിൽ 19 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 3 കുട്ടികളും. ചൂരൽ മലയിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചന. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇന്ന് പുലർച്ചെ 2 മണിക്കാണ് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്.

പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. നേപ്പാൾ സ്വദേശികൾ താമസിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തുടർച്ചയായി ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.

Post a Comment

0 Comments