മകള്‍ ഒളിച്ചോടിയതിലുള്ള വിരോധത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം ചെയ്തു. സംഭവത്തില്‍ ഉത്തര്‍പ്രദേശ്, ഗൊരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമാന്‍സിംഗ്, സുഹൃത്തായ സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിനു കേസെടുത്തു.
പഞ്ചാബിലെ ലുധിയാനയിലാണ് കേസിനാസ്പദമായ സംഭവം. രവീന്ദര്‍ സിംഗാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഏപ്രിലില്‍ ഒളിച്ചോടിയിരുന്നു. മകളെ തിരക്കിയാണ് രവീന്ദര്‍ സിംഗും സംഘവും യുവാവിന്റെ ലുധിയാനയിലുള്ള വീട്ടിലെത്തിയത്. പക്ഷെ മകളെയും കാമുകനെയും വീട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടിലേക്ക് മടങ്ങും മുമ്പാണ് കാമുകന്റെ സഹോദരിയെ അച്ഛന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗത്തിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം തിരികെ പോയത്. ക്രൂരമായ അതിക്രമത്തിനു ഇരയായ യുവതി മാസങ്ങളായി മാനസിക ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് സംഭവം സംബന്ധിച്ച കാര്യങ്ങള്‍ യുവതി വെളിപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
0 Comments