യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. വിടുതൽ ഹർജിയെ എതിർത്തുകൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിന് സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രഥമ ദൃഷ്ട്യാ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജനും ടി വി രാജേഷും വിടുതൽ ഹർജി നൽകിയത്. എന്നാൽ ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ അരിയില്‍ ഷുക്കൂർ (24) കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിന് നേരെ മുസ്ലീംലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് എടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു.
ടി വി രാജേഷ്, പി ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിൽ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു.
0 Comments