നിലമ്പൂരിലെ സ്വതന്ത്ര MLA പി.വി. അൻവറിന് പിന്നാലെ മറ്റൊരു ഇടത് സ്വതന്ത്ര MLA KT ജലീലും സിപിഎമ്മുമായി ഇടയുന്നു. നാളെ കൂടുതൽ സ്വതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിപിഎമ്മിൻ്റെ ഉള്ളറകൾ നന്നായി അറിയുന്ന, മുൻ മന്ത്രിയായ, മുസ്ലിം സംഘടനകളിലേക്ക് കടന്നു ചെല്ലാനുള്ള പാലമായി നിലകൊണ്ട ജലീലിൻ്റെ സ്വതന്ത്ര പ്രഖ്യാപനം ഞെട്ടലോടെ ആണ് സിപിഎം കേൾക്കുന്നത്. അൻവർ ഉയർത്തിയ വിവാദങ്ങൾ അടങ്ങുന്നതിനുമുൻപേ ആണ് ജലീലിൻ്റെ നീക്കം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ തുറന്നുപറച്ചിൽ പാർട്ടിയെ ഇനിയും കുഴപ്പത്തിൽ ആക്കുമോ എന്നാണ് സിപിഎം ഭയക്കുന്നത്.
ജലീലിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആയിരിക്കും പ്രഖ്യാപനം എന്നാണ് സൂചന. വളാഞ്ചേരി കാവുംപുറം പാറയ്ക്കൽ ഓഡിറ്റോറിയത്തിലാണ് ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. പ്രകാശനം നിർവഹിക്കുന്നത് ജോൺ ബ്രിട്ടാസ് എം.പിയാണ്. പാർട്ടി എം.പി പങ്കെടുക്കുന്ന ചടങ്ങിൽ ജലീൽ സ്വതന്ത്ര പ്രഖ്യാപനം നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനുമെതിരേ അൻവർ തുടങ്ങിവെച്ച പോരാട്ടത്തിന് തുടക്കംമുതലേ രഹസ്യ പിന്തുണനൽകുന്ന നിലപാടാണ് ജലീലിന്റേത്.
‘ഉപ്പുതിന്നവരെ വെള്ളംകുടിപ്പിച്ചേ അടങ്ങൂ’ എന്ന ശീർഷകത്തിൽ പി.വി. അൻവറിന്റെ കൂടെ ഇരിക്കുന്ന ചിത്രംസഹിതമാണ് സ്വർണക്കടത്തിനും പോലീസിന്റെ അഴിമതിക്കും എതിരേ ഒരുമാസംമുൻപ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. എസ്.പി. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തപ്പോൾ ആദ്യ വിക്കറ്റ് വീണെന്നും മലപ്പുറം എസ്.പി. എസ്. ശശിധരനെ സ്ഥലംമാറ്റിയപ്പോൾ ‘വിക്കറ്റ് നമ്പർ ടു’ എന്നും ഫെയ്‌സ്ബുക്കിലൂടെ അൻവറിനൊപ്പം ആഘോഷിച്ചു.
അൻവർ ഉന്നയിച്ച പോലീസുദ്യോഗസ്ഥരുടെ ആർ.എസ്.എസ്. ബന്ധം അതുപോലെത്തന്നെ ജലീലും പലതവണ ആവർത്തിച്ചു. അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്യട്ടെ എന്നാണ് ഒരു കുറിപ്പിൽ അദ്ദേഹം എഴുതിയത്. മുഖ്യമന്ത്രിയോട് എല്ലാക്കാര്യങ്ങളും വിശദീകരിച്ചെന്നും ഉദ്യോഗസ്ഥർക്കെതിരേ പരാതിയുണ്ടെങ്കിൽ നൽകാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം ഒരിക്കൽ കുറിച്ചു. ഇനി തെറിക്കാനുള്ളത് വമ്പൻസ്രാവിന്റെ കുറ്റിയാണെന്നും ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനായതിനാൽ അതു തെറിക്കുമെന്നും മറ്റൊരു കുറിപ്പിൽ പറഞ്ഞു.
ലീഗിൽനിന്നും കോൺഗ്രസിൽനിന്നും ഇടതുപക്ഷത്തേക്കുവന്ന രണ്ടു സ്വതന്ത്ര ജനപ്രതിനിധികൾ എന്ന നിലയിൽ ഇവർ ഒരേ നിലപാട് പങ്കുവെക്കുമ്പോൾ കേരളാ രാഷ്ട്രീയ സാഹചര്യത്തിൽ അതിനു വൻ പ്രാധാന്യമുണ്ട്.
0 Comments