കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം രണ്ടുലക്ഷത്തിലേക്ക്. ഇന്നലെ ഉച്ചയോടെ അര്‍ജുന്റെ കുടുംബം ആരോപണം ഉന്നയിക്കുമ്പോള്‍ 12,000 ല്‍ ആയിരുന്നു സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. എന്നാലിപ്പോള്‍ അത് രണ്ട് ലക്ഷത്തിന് അടുത്തെത്തി. Lorry Udama Manaf എന്നാണ് ചാനലിന്റെ പേര്.
ഒരുമാസം മുമ്പ് തുടങ്ങിയ ചാനലില്‍ ആകെ 15 വിഡിയോകള്‍ മാത്രമാണ് ഉള്ളത്. ഇതില്‍ മിക്ക വീഡിയോകള്‍ക്കും ആകെ ലഭിച്ച വ്യൂവ്‌സ് എല്ലാം ആയിരമോ രണ്ടായിരമോ ആയിരുന്നു. എന്നാല്‍ ആരോപണത്തിന് പിന്നാലെ ഇതിലെ ഒരു വിഡിയോയുടെ വ്യൂവ്‌സ് ഒന്നരലക്ഷം കവിഞ്ഞു.
അതേസമയം, ആരോപണത്തിന് പിന്നാലെ അര്‍ജുന്റെ ഭാര്യാ സഹോദരന്‍ ജിതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന് നേരെ സൈബറാക്രമണവും ഉണ്ടായി. ബി.ജെ.പി അനുകൂല സന്ദേശങ്ങള്‍ നിറയെ പങ്കുവച്ച ജിതിന് നേരെ സംഘ്പരിവാര്‍ ബന്ധമാരോപിച്ചാണ് സൈബറാക്രമണം. അളിയന്‍ സംഘിയുടെ തനിനിറം എന്ന് പറഞ്ഞാണ് ജിതിന് നേര്‍ക്കുള്ള സൈബറാക്രമണം. ജിതിന്‍ പങ്കുവച്ച ബി.ജെ.പി അനുകൂല സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. സൈബറാക്രമണം കൂടിയതോടെ ജിതിന്‍ ഫേസ്ബുക്ക് പേജ് ലോക്ക് ചെയ്തിരിക്കുകയാണ്.
ഗുരുതര ആരോപണങ്ങളാണ് മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തുന്നു, യൂട്യൂബ് ചാനലിലൂടെ വൈകാരികത ചൂഷണം ചെയ്യുന്നു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. ഇത് തുടര്‍ന്നാല്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും ജിതിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിച്ചു. പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അര്‍ജുനെകുറിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ് പേജ് തുടങ്ങിയതെന്നും പണപ്പിരിവ് നടത്തിയെന്ന് തെളിയിച്ചാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്നുമാണ് മനാഫ് പറഞ്ഞത്.
വിവാദങ്ങള്‍ക്കിടെ, ഇന്ന് രാവിലെ മുക്കം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ മനാഫ് പങ്കെടുത്തു.
1 Comments
2012 il thudangiya channel anu. Athyam profile nokku
ReplyDelete