500 രൂപയുമായി ഗോവയിലേക്ക് നാടുവിടാന്‍ കാസർകോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നാലു ഒമ്പതാംക്ലാസുകാരെ പൊലീസ് പിടികൂടി

500 രൂപയുമായി ഗോവയിലേക്ക് നാടുവിടാന്‍ കാസർകോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നാലു ഒമ്പതാംക്ലാസുകാരെ പൊലീസ് പിടികൂടി



കാസര്‍കോട്: ആവശ്യത്തിനു പണമോ മതിയായ യാത്ര രേഖകളോ, മാതാപിതാക്കളുടെയോ വീട്ടുകാരുടെയോ അറിവോ സമ്മതമോ ഇല്ലാതെ ഗോവയിലേക്ക് നാടുവിടാനായി വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത നാലു ആണ്‍കുട്ടികളെ കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ പൊലീസ് പിടികൂടി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് നാലംഗ സംഘം ഗോവയ്ക്ക് ടൂര്‍ പോകാനായി ഇറങ്ങിത്തിരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മേല്‍പറമ്പ് പൊലീസാണ് കുട്ടികള്‍ നാടുവിട്ട വിവരം കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറിയത്. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എംവി പ്രകാശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഇല്യാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനീഷ്, പ്രദീപന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, ഹിദായത്തുള്ള എന്നിവരുടെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍ വ്യാപകമായ പരിശോധന നടത്തി. അപ്പോഴാണ് രണ്ടാംപ്ലാറ്റ് ഫോമില്‍ നാലു വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചോദ്യം ചെയ്തതോടെ ഗോവയിലേക്ക് നാടുവിടാനെത്തിയവരാണെന്ന് കുട്ടികള്‍ സമ്മതിച്ചു. നൂറും അഞ്ഞൂറും രൂപയുമാണ് ഇവര്‍ ഗോവയിലേക്ക് പോകാനെത്തിയത്. എല്ലാവരും മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഏത് ദിശയിലേക്കാണ് ഗോവയ്ക്ക് പോകേണ്ടത് എന്ന് പോലും അറിയാത്തവരായിരുന്നു കുട്ടികള്‍. റെയില്‍വേ പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം കുട്ടികളെ കണ്ടെത്താനായ ആശ്വാസത്തിലാണ് വീട്ടുകാര്‍. വിവരത്തെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. കുട്ടികളെ കണ്ടെത്തിയ സംഭവമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

Post a Comment

0 Comments