അനുസ്മരണം; നന്മകൾ ചെയ്തു ജനഹൃദയം കീഴടക്കിയ കുഞ്ഞന്ത. എഴുത്ത്; ബഷീർ ചിത്താരി

LATEST UPDATES

6/recent/ticker-posts

അനുസ്മരണം; നന്മകൾ ചെയ്തു ജനഹൃദയം കീഴടക്കിയ കുഞ്ഞന്ത. എഴുത്ത്; ബഷീർ ചിത്താരി




ന്മകൾ ചെയ്തു ജന ഹൃദയം കീഴടക്കിയ കുഞ്ഞന്ത :  നിഷ്കളങ്കതയുടെ പര്യായം, സ്നേഹ ദൂതൻ, സേവന പ്രവർത്തനത്തിൽ സാകൂതം നിർവൃതി അടയുന്ന മനസ്സിന്റെ ഉടമ ഇങ്ങനെ നന്മകളുടെ ജലാശയമായി നാടിന് കുളിർമ നൽകിയ നാടിന്റെ ഓമന മകൻ സെന്റർ ചിത്താരിയിലെ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞന്ത ആകസ്മികമായി വിട പറഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് മാത്രമല്ല കേട്ടവർക്കൊന്നും വിശ്വസിക്കാൻ പറ്റിയില്ല.

നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവിടമായിരുന്നു കുഞ്ഞന്ത പരിചയപ്പെടുന്ന ആരെയും ആകർഷിക്കുന്ന സരസമായ സംസാര ശൈലിയും സ്നേഹ വായ്പ്പും കൊണ്ട് ആളുകളെ കീഴടക്കാൻ കഴിയുന്ന വ്യക്തിത്വം, അതായിരുന്നു കുഞ്ഞന്തയെ വ്യത്യസ്ഥനാക്കുന്നത്.

അപാരമായ ദാനശീലവും സാമൂഹ്യ നന്മയും എല്ലാം തന്റെ പ്രവാസി ജീവിത കാലത്ത് തന്നെ  നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ തന്നെ മരിക്കണം എന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനോട് അദ്ദേഹം പറഞ്ഞ വാക്ക് അന്ന്വർത്ഥമാക്കിക്കൊണ്ട്, ആരോടും വിട ചോദിക്കാതെ ശാന്ത സുന്ദരമായി ആ പൂ നിലാവ് അസ്തമിച്ചിരിക്കുന്നു.


വിടപറയുന്നതിന് അരമണിക്കൂർ മുൻപ് കളി തമാശകൾ പറഞ്ഞു പിരിയുമ്പോൾ ഒരിക്കലും നിനച്ചിരുന്നില്ല ഇത് അവസാന യാത്രയാകുമെന്ന്.


മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം പഠിച്ച നന്മയുടെ സുഗന്ധം...

എളിമയുടെ പര്യായം, അനുഗ്രഹീത സേവകൻ, നിഷ്കളങ്കമായ മുഖഛായ,ആരെക്കണ്ടാലും പുഞ്ചിരിക്കുന്ന മുഖവുമായുള്ള പെരുമാറ്റവും താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നാടിനും സമൂഹത്തിനും ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന വലിയ മനസ്സിനുടമയായിരുന്നു കുഞ്ഞന്ത. നാട്ടിൽ നടക്കുന്ന ഏത് പരിപാടിയിലും ആദ്യം കാണുന്ന മുഖം അദ്ദേഹത്തിന്റെതായിരിക്കും, നാട്ടിലെ ജമാഅത്ത് കമ്മിറ്റി കാര്യദർശിയായിരുന്ന അദ്ദേഹം നേതൃപദവി കേവലം അലങ്കാരമായി കാണാതെ, ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ചടുലമായി നിര്‍വഹിച്ച മികച്ച ഒരു സംഘാടകനായിരുന്നു. സാമൂഹ്യവിഷയങ്ങളിലും അഗാധമായ വിജ്ഞാനവും, നിലപാടുകളിലെ കാർക്കശ്യവും ആർജവത്വവും. എന്നാൽ അതിനെല്ലാം സൗന്ദര്യം പകരുന്ന ജീവിതലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റേത്.

അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു കുഞ്ഞന്ത. താൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക എന്നതും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പറയാതിരിക്കുക എന്നതും അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ജീവിതത്തിന്റെ നാനാ മേഘലകളിലും സ്വതസിദ്ധമായ ഒരു കർമ്മ ശേഷി ഇദ്ദേഹത്തിൽ എന്നും ദർശിക്കാൻ കഴിയും. സ്വന്തം കുടുംബത്തോടും മക്കളോടും മാതൃകാ പരമായി പെരുമാറുന്ന സവിശേഷമായ ഒരു കുടുംബ നാഥനെയാണ് ആ കുടുംബത്തിനും നഷ്ടമായിരിക്കുന്നത്.

തന്റെ  പ്രവർത്തികൾ മറ്റുള്ളവർ അറിയാതെ രഹസ്യമായി ചെയ്ത് സായൂജ്യമടയുന്ന ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മരണ വിവരം അറിഞ്ഞത് മുതല്‍ ചിത്താരിയിലെ വീട്ടിലേക്ക് ജനാസ ഒരു നോക്കു കാണാനും ഖബറടക്ക ചടങ്ങിനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിയത് ആയിരങ്ങളായിരുന്നു. ഇത് തന്നെ കുഞ്ഞന്തയോടുള്ള ടുള്ള അങ്ങേയറ്റത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായിരുന്നു. അദ്ദേഹം ചെയ്ത നന്മയുടെ സുഗന്ധം ജന ഹൃദയങ്ങളിൽ മായാത്ത മുദ്രയായി എന്നും പതിഞ്ഞു കിടക്കും. നാടിനും സമൂഹത്തിനും ജമാഅത്തിന്റെ ഉന്നമനത്തിനും വളർച്ചക്കും ക്ഷേമത്തിനും വേണ്ടി ചുറുചുറുക്കോടെ ജീവ ത്യാഗം ചെയ്ത ആ പ്രിയപ്പെട്ടവനും യാത്രയായിരിക്കുന്നു. ചെയ്ത് തീർത്ത സുകൃതങ്ങളുടെ നന്മ ആസ്വദിക്കുവാൻ.                     _ബഷീർ ചിത്താരി

Post a Comment

0 Comments