ബേക്കൽ: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വീട്ടില്‍ നിന്നു കാണാതായ നാലു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കു എന്തു സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂറി(55)നെ 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു രാത്രി വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. എന്നാല്‍ ജില്ലാ ക്രൈംബ്രാഞ്ചിനു കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവ് ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിസിആര്‍ബി ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നു ഏറ്റെടുത്ത കേസ് ഫയല്‍ ഇഴകീറി പരിശോധിച്ച ശേഷമാണ് പുതിയ സംഘം അന്വേഷണം ആരംഭിച്ചത്. അന്വേണത്തിന്റെ ഭാഗമായി നാല്‍പ്പതിലേറെ പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരില്‍ നിന്നു ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ അടുത്ത ദിവസങ്ങളില്‍ ചില പ്രമുഖരെ ചോദ്യം ചെയ്യുന്നതോടെ മരണത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
0 Comments