കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ റോഡിലെ കുഴിയിൽ വാഴനട്ടു; വെള്ളം നൽകുന്നത് വാട്ടർ അതോറിറ്റി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ റോഡിലെ കുഴിയിൽ വാഴനട്ടു; വെള്ളം നൽകുന്നത് വാട്ടർ അതോറിറ്റി



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയായ കെ എസ് .ടി പി റോഡിൽ ചാമുണ്ഡിക്കുന്ന് തെക്ക് പുറം റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. റോഡിനടിയിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ചാണ് റോഡ് തകർന്നത്. 20 ദിവസത്തോളമായി പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി കൊണ്ടിരിക്കെ പൊട്ടിയ പൈപ്പ് നന്നാക്കി ചോർച്ച തടയാൻ വാട്ടർ അതോറിറ്റിക്ക് ഇനിയും സമയമായിട്ടില്ല. വാട്ടർ അതോറിറ്റിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ജലം പാഴായി പോകുന്നതിലൂടെയുണ്ടാകുന്നത് , മഴ മാറി വരാനിരിക്കുന്നത് കടുത്ത ശുദ്ധജല ക്ഷാമമാണെന്നിരിക്കെയാണ് വാട്ടർ അതോറിറ്റി മൂന്നാഴ്ചയായി വെള്ളം തോട് പോലെ റോഡിലൊഴുക്കി കളയുന്നത്. റോഡിൽ ഗർത്തമുണ്ടായിടത്ത് വലിയ വാഹനങ്ങൾകയറിയിറങ്ങിയതിനെ തുടർന്നാണ് പെെപ്പ് പൊട്ടിയതെന്നാണ് കരുതുന്നത്. പൊട്ടിയ പൈപ്പിൽ നിന്നും ശക്തിയിൽ വെള്ളം പുറത്തേക്ക് ചീറ്റിയതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. കുഴിയിൽ വീഴുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ നാട്ടുകാർ ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. ഏതോ വാഹനം ബോർഡ് തകർത്ത് ഇതേ കുഴിയിൽ വീണതോടെയാണ് ഒടുവിൽ നാട്ടുകാർ കഴിഞ്ഞ ദിവസം റോഡിൽ വാഴ നട്ടത്. വാഴ വെക്കാൻ കുഴി പി.ഡബ്ളി'യു.ഡി വകയും വാഴക്ക് വെള്ളം വാട്ടർ അതോറിറ്റിയും നൽകുന്നതിനാൽ മറ്റ് പരിചരണമില്ലാതെ വാഴ റോഡിൽ തന്നെ കുലച്ചോളുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിലായിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രോഗികളുമായി പോകുന്ന ആംബുലൻസുകൾ കുഴിയിൽ വീഴുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

0 Comments