ജയ്പൂര്‍: പത്ത് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവില്‍ കുഴല്‍ കിണറില്‍ നിന്നു പുറത്തെടുത്ത രാജസ്ഥാനിലെ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി. കോട്ട്പുത്‌ലിയിലെ കിരാത്പുര സ്വദേശിയായ മൂന്ന് വയസുകാരി ചേത്‌നയാണ് മരിച്ചത്.
ഡിസംബര്‍ 23നാണ് കളിക്കുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീണത്. 700 അടി താഴ്ചയുള്ള കിണറ്റിലായിരുന്നു വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ കുടുംബം കുട്ടി കിണറില്‍ വീണതായി കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. വൈകാതെ തുടങ്ങഇയ രക്ഷാപ്രവര്‍ത്തനം പത്ത് ദിവസമാണ് നീണ്ടുനിന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് മുന്നോടിയായി പൈപ്പ് വഴി കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നു. കുട്ടിയെ ഉയര്‍ത്തിയെടുക്കാനുള്ള ആദ്യ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമാന്തരമായി കുഴിയെടുത്ത് കിണറിലേക്ക് തുരങ്കം നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും ഇത് തെറ്റായ ദിശയിലേക്കായതിനാല്‍ വിജയിച്ചില്ല. ഇതിനിടെ പെയ്ത മഴയും ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.
അവസാന മണിക്കൂറുകളില്‍ ആവശ്യത്തിന് ഓക്‌സിജനും ഭക്ഷണവും നല്‍കാന്‍ സാധിക്കാതെ വന്നതോടെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയരുകയുംചെയ്തു. ജയ്പുര്‍ ഡല്‍ഹി മെട്രോയില്‍ നിന്നുള്ള വിദഗ്ദര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. 8 മീറ്റര്‍ വീതിയില്‍ മതിയെന്ന് നിശ്ചയിച്ച തുരങ്കം 12 അടിയായി വലുതാക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. ഒടുവില്‍ പത്താമത്തെ ദിവസം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
കുട്ടി ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങിയതായി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ചേതന്യ റാവത്ത് പറഞ്ഞു. കലക്ടറുടെ നിര്‍ദേശാനുസരണം കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
രണ്ടാഴ്ചയ്ക്കിടെ രാജാസ്ഥാനില്‍ കുഴല്‍കിണറില്‍ കുട്ടികള്‍ വീഴുന്ന രണ്ടാമത്തെ സംഭവമാണിത്. ദൗസയില്‍ അഞ്ചുവയസുകാരനെ 55 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും മരിച്ചു.
0 Comments