ഗസയിലെ ജബാലിയയില്‍ ''കൊലപ്പെടുത്തിയെന്ന്'' ഇസ്രായേല്‍ അവകാശപ്പെട്ട മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ ഗസയില്‍ ജനങ്ങളോട് സംസാരിക്കുന്ന പുതിയ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്‌കാരചടങ്ങില്‍ ഹുസൈന്‍ ഫയാദ് എന്ന അല്‍ഖസ്സം ബ്രിഗേഡ് കമാന്‍ഡര്‍ സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന്‍ കമാന്‍ഡറാണ് ഹുസൈന്‍ ഫയാദ്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപം നിന്ന് ഹുസൈന്‍ ഫയാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം. '' ശക്തന്‍ തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാത്തപ്പോള്‍, അവന്‍ പരാജയപ്പെടുന്നു, എന്നാല്‍ ശക്തനെ തന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞ ദുര്‍ബലനാണ് വിജയി. ''-വീഡിയോയില്‍ ഹുസൈന്‍ ഫയാദ് പറയുന്നു.
'' ദൈവത്തിന് നന്ദി, ഇസ്രായേല്‍ സൈന്യത്തിന് കല്ലുകളും ശരീരഭാഗങ്ങളും രക്തവും മാത്രമേ ലഭിച്ചുള്ളൂ. ഗസ ഇപ്പോഴും സ്വന്തംകാലില്‍ നില്‍ക്കുകയാണ്. തകര്‍ക്കാനാവാത്തവിധം ഗസ ഉയര്‍ന്നുവന്നിരിക്കുന്നു. ഗസ എങ്ങനെ വിജയിച്ചു, തലയുയര്‍ത്തിപ്പിടിച്ച് നിന്നുവെന്ന് ഇന്നലെ നാമെല്ലാവരും കണ്ടു'' - ഹുസൈന്‍ ഫയാദ് പറയുന്നു.
അതേസമയം, ഹുസൈന്‍ ഫയാദിന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിനും സൈന്യത്തിനും പറ്റിയ തെറ്റാണ് കാരണമെന്നും സൈന്യം അറിയിച്ചു.
പ്രത്യേക കമാന്‍ഡോ വിഭാഗവും യഹലോം വിഭാഗവും കൂടി ജബാലിയയിലെ ഒരു തുരങ്കത്തില്‍ വെച്ച് ഭീകരനായ കമാന്‍ഡര്‍ ഹുസൈന്‍ ഫയാദിനെ ഇല്ലാതാക്കിയെന്നാണ് 2024 മേയില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ഇസ്രായേലിലേക്ക് ടാങ്ക് വിരുദ്ധ മിസൈലുകളും ഷെല്ലുകളും അയക്കുന്നത് ഏകോപിപ്പിച്ചയാളാണ് ഹുസൈനെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഗസ അധിനിവേശ സമയത്ത് ഇസ്രായേലി സൈന്യം പുറത്തിറക്കിയ പ്രസ്താവനകളില്‍ പലതും വ്യാജമായിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ ആരോപിക്കുന്നുണ്ട്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്‍ ആണ് ഹമാസിന്റെ ഏറ്റവും ദുര്‍ബലമായ ബറ്റാലിയന്‍ എന്നാണ് ഇസ്രായേലി സൈന്യം പ്രചരിപ്പിച്ചിരുന്നത്. അധിനിവേശത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബോംബിട്ട് തകര്‍ത്ത ഈ പ്രദേശത്ത് അവസാന സമയത്തും ഇസ്രായേല്‍ സൈന്യം എത്തി. ഇവിടത്തെ തുരങ്കങ്ങളെല്ലാം ഇല്ലാതാക്കിയെന്ന പ്രതീക്ഷയില്‍ സ്വതന്ത്രമായി കറങ്ങി നടന്ന ഇസ്രായേല്‍ സൈന്യത്തെ മാരകമായി ഹമാസ് ആക്രമിച്ചു. കുഴിബോംബുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏകദേശം 50ഓളം സൈനികര്‍ പലസമയത്തായി കൊല്ലപ്പെട്ടു. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന് മുന്നില്‍ നിന്ന് ഇസ്രായേലി സൈന്യം രക്ഷപ്പെടുകയായിരുന്നുവെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
0 Comments