മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു



ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്‍ അന്നും ഇന്നും എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു



ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയെങ്കിലും ഇത് തള്ളുകയായിരുന്നു.


ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനാണ്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതില്‍ ഗ്യാനേഷ് കുമാര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.

Post a Comment

0 Comments