ഫുട്‌ബോള്‍ കളിക്കിടയിലെ തർക്കം; തീവെപ്പിനു പിന്നാലെ പൂച്ചക്കാട്ട് യുവാവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം

ഫുട്‌ബോള്‍ കളിക്കിടയിലെ തർക്കം; തീവെപ്പിനു പിന്നാലെ പൂച്ചക്കാട്ട് യുവാവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം



ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് വീണ്ടും അക്രമം. ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം. പൂച്ചക്കാട്, റഹ്‌മത്ത് റോഡിലെ മുഹമ്മദ് കുഞ്ഞിയാണ് അക്രമത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. പൂച്ചക്കാട് ഭാഗത്തു നിന്നു ബൈക്കില്‍ ചിത്താരി ഭാഗത്തേക്ക് പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. ചേറ്റുകുണ്ട് സര്‍ക്കാര്‍ കിണറിനു സമീപത്തെത്തിയപ്പോള്‍ വെളുത്ത നിറത്തിലുള്ള കാറില്‍ എത്തിയ നാലുപേരാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് കുഞ്ഞിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം ഇരുമ്പു വടി കൊണ്ട് കാലിനും നെഞ്ചിനും തലയ്ക്കും അടിച്ച ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

സംഭവത്തില്‍ മുഹമ്മദ് റാഫി, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയുടെ സഹോദരന്‍ റൈസല്‍ അലിയുടെ പരാതി പ്രകാരമാണ് കേസ്. ഇയാളുടെ വീടിനു നേരെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തീവെയ്പ് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് ഫൈസലിന്റെ സഹോദരനു നേരെ വധശ്രമം ഉണ്ടായത്. ചിത്താരി മെട്രോ കപ്പ് ഫുട്‌ബോള്‍ കളിക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിനു ഇടയാക്കിയതെന്നു ഫൈസല്‍ അലി പറഞ്ഞു.

Post a Comment

0 Comments