കാഞ്ഞങ്ങാട്: സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനു പിന്നാലെ സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി. പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍, രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ എഴുത്താണ് പൊലീസ് തിരുത്തിയത്. ഇംഗ്ലീഷില്‍ സിപിഐഎം(CPIM) എന്നാണ് പ്രവര്‍ത്തകര്‍ എഴുതിയത്. പൊലീസ് അത് NO CRIME (നോ ക്രൈം) എന്നു തിരുത്തുകയായിരുന്നു; എന്നോടു ദയ കാണിക്കണേ എന്ന് റോഡ് യാചിക്കുന്നതു പോലെ. പെരുങ്കളിയാട്ട സ്ഥലത്ത് രാഷ്ട്രീയ ചിഹ്നങ്ങളോ തോരണങ്ങളോ എഴുത്തുകളോ പാടില്ലെന്നു ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് ലംഘിച്ചു കൊണ്ടാണ് ഏതാനും പ്രവര്‍ത്തകര്‍ റോഡിലും വൈദ്യുതി തൂണുകളിലും സിപിഐഎം എന്നെഴുതിയത്. ഇത് പ്രദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി. എല്ലാ എഴുത്തുകളും മായ്ക്കാനുള്ള പെയിന്റ് പൊലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല. അതിനാലാണ് എഴുത്തു പൂര്‍ണ്ണമായും മായ്ക്കാതെ തിരുത്താന്‍ ഡിവൈ.എസ്.പി നിര്‍ദ്ദേശം നല്‍കിയത്. നോ എന്നു മുകള്‍ ഭാഗത്ത് എഴുതിയ ശേഷം പി യെ ആര്‍ എന്നാക്കി. അതിനു ശേഷം ഇ എന്നു കൂടി കൂട്ടിച്ചേര്‍ത്താണ് പൊലീസ് ബുദ്ധിപരമായ നീക്കം നടത്തിയത്.
മാര്‍ച്ച് അഞ്ചുമുതല്‍ 12 വരെയാണ് രാമവില്യം കഴകത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത്.
0 Comments