അറുപതു വയസ്സ് കഴിഞ്ഞ ഉമ്മമാരെ ആദരിച്ച്‌ കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ

അറുപതു വയസ്സ് കഴിഞ്ഞ ഉമ്മമാരെ ആദരിച്ച്‌ കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ




കാഞ്ഞങ്ങാട് : വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് മാതൃക തീർക്കുകയാണ് അജാനൂർ പഞ്ചായത്തിലെ കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ. ജീവ കാരുണ്യ വിദ്യാഭ്യാസ മതഭൗതിക മേഖലകളിൽ ഒരു കൂട്ടം സാധാരണ വനിതകൾ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട്‌ നിൽക്കുന്നു.

ഇത്തവണ അവരുടെ പ്രവർത്തനം പതിവിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ചന്ദ്രിക മിഡിൽ ഈസ്റ്റ്‌ ലേഖകനും കെ.എം. സി.സി നേതാവുമായിരുന്ന പരേതനായ പി. പി കുഞ്ഞബ്ദുള്ളയുടെയും അദേഹത്തിന്റെ സഹോദരിയും സംസ്ഥാന വനിതാ ലീഗ് ട്രെഷററും കെ. എ. ടി. എഫ് സംസ്ഥാന ചെയർപേഴ്സണും ആയിരുന്ന പരേതയായ പി. പി നസീമ ടീച്ചറുടെയും സ്മരണാർത്ഥം കൂട്ടായ്മ നടത്തിയ ആദരിക്കൽ ചടങ്ങാണ് പ്രശംസ പിടിച്ചു പറ്റിയത്.


കൊളവയൽ മഹല്ലിൽ താമസിക്കുന്ന അറുപതു വയസ്സായ ഉമ്മമാരെ പ്രത്യേക ക്ഷണിതാക്കൾ ആയി സ്വീകരിച്ച് ആദരിക്കുകയും നമസ്കാര കുപ്പായവും ഈത്തപ്പഴവും വിതരണം ചെയ്യുകയും ചെയ്തു.നിറഞ്ഞു നിൽക്കുന്ന സ്ത്രീകളുടെ സാന്നിധ്യത്തിൽ ആദരിക്കൽ ചടങ്ങ് നടത്തുമ്പോൾ പലരും വികാരാധീനരായി.ജീവിതത്തിൽ ആദ്യമായാണ് അവരെല്ലാവരും ആദരിക്കപ്പെടുന്നത്. നിറഞ്ഞു വരുന്ന കണ്ണുകളെ പിടിച്ച് നിർത്താൻ ആവാതെ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. സന്തോഷം അടക്കാൻ ആവാതെ കൂട്ടായ്മയുടെ അഡ്മിനായ ആയിഷ ഫർസാനയെ കെട്ടിപിടിച്ചു ചുംബനം കൊണ്ട് മൂടുന്നത് കണ്ടു നിന്നവരുടെയും കണ്ണ് നനയിച്ചു.


ജീവിതത്തിൽ പരിഗണിക്കപ്പെടുകയും ചേർത്ത് നിർത്തുകയും ചെയ്യേണ്ട സന്ധ്യാ വേളയിൽ മാറ്റി നിർത്തപ്പെടുന്ന ഒരു വിഭാഗമാണ് പ്രായമായവർ. ആരോഗ്യവും ഊർജ്ജവും സൗന്ദര്യവും ഒക്കെ കുടുംബത്തിനും സമൂഹത്തിനും വിനിയോഗിച്ചു ശിഷ്ട കാലം ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവർ. അങ്ങനെ ഉള്ളവരെ തങ്ങളോടൊപ്പം ചേർത്ത് നിർത്താനും കുറച്ചു സമയം പരസ്പരം പങ്ക് വെക്കാനും ആശയ വിനിമയം നടത്താനും ഒക്കെ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അത് കൊളവയലിലെ സ്ത്രീകൾ പൂർണമായും ഏറ്റെടുത്തു വിജയിപ്പിച്ചു.


നിറമുള്ള ജീവിതത്തിന് പിറകെ പോകുമ്പോൾ ഇങ്ങനെ ഉള്ളവരും തങ്ങളുടെ കൂടെ ഉണ്ടെന്നും സന്തോഷമുള്ള നിമിഷങ്ങൾ അവർക്കാണ് കൂടുതൽ ആവശ്യമുള്ളതെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ് പിതാവിന്റെയും എളേമയുടെയും ഓർമ്മയാക്കായ് ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചത് എന്ന് കൂട്ടായ്മ അഡ്മിനും നിസ് വ കോളേജ് പ്രിൻസിപ്പലും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയുമായ ആയിഷ ഫർസാന പറഞ്ഞു. മരണപ്പെട്ടു പോയ രണ്ട് പേരും പ്രായമായവരുടെ കാര്യത്തിൽ അതീവ താല്പര്യം കാണിച്ചിരുന്നതാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നതിൽ പ്രചോദനം ആയത് എന്ന് അവർ കൂട്ടിച്ചേർത്തു.ആദരിക്കൽ ചടങ്ങിൽ ജമീല. കെ,ഷക്കീല ബദറുദ്ധീൻ,ഹസീന ഹംസ,ഫൗസിയ പി. പി, ആയിഷ പാലക്കി, ആയിഷ ആലി,മൈമൂന ഉസ്മാൻ,ആരിഫ കരീം,സുഹ്‌റ കരീം,സുഹ്‌റ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments