കാസര്‍കോട്: വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാലുപേര്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വിദ്യാനഗര്‍ സി.ഐ. യു.പി. വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ഇന്നലെ രാത്രി നാലാംമൈല്‍ സിറ്റിസണ്‍ നഗര്‍ പരിസരത്താണ് സംഭവം നടന്നത്.
സിറ്റിസണ്‍ നഗറിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫവാസ് (20), ബന്ധുക്കളായ തൈവളപ്പിലെ റസാഖ് (50), സിറ്റിസണ്‍ നഗറിലെ ടി.എ. മുന്‍ഷിദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഫവാസിനെ മംഗളൂരുവിലെയും മറ്റുള്ളവരെ ചെങ്കളയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആലംപാടി എര്‍മാളത്തെ മൊയ്തീന്‍ (68), അബ്ദുല്‍ റഹ് മാന്‍ മിദ് ലാജ് (24), മുഹമ്മദ് അസ് ഹറുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായതെന്ന് സി.ഐ. വിപിന്‍ പറഞ്ഞു. അഞ്ചുപേര്‍ക്കെതിരെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
0 Comments