കാസര്‍കോട്: സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വി പി പി മുസ്തഫ തിരിച്ചെത്തി. സിജി മാത്യു, ഇ. പത്മാവതി എന്നിവരെ പുതുമുഖങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സിപിഎം സമ്മേളനത്തിന് ശേഷം ജില്ലാ സിപിഎം ഓഫീസിൽ വെച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ നടന്ന യോഗത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത്.
സിജി മാത്യു, ഇ. പത്മാവതി എന്നിവർ പുതുതായി സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ. സി. പ്രഭാകരൻ, വി. കെ. രാജൻ എന്നിവരെ ഒഴിവാക്കി.
സെക്രട്ടറിയേറ്റ് രൂപീകരണം എന്ന ഒരൊറ്റ അജണ്ട മാത്രമാണ് ബുധനാഴ്ചത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഉണ്ടായിരുന്നത്.
നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്ന വി പി പി മുസ്തഫ, എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായത്. പിന്നീട് എം ബി രാജേഷ് മന്ത്രിയായ ശേഷവും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ച ഫയൽ അദ്ദേഹത്തെ അറിയിക്കാതെ പാർട്ടിയുടെ പരിഗണനയ്ക്ക് അയച്ചതിൻ്റെ പേരിലാണെന്ന് പറയുന്നു. അതിനു ശേഷം അദ്ദേഹത്തെ തിരികെ സെക്രട്ടറിയേറ്റിൽ എടുത്തിരുന്നില്ല. ഇത് പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം. രാജഗോപാലൻ സെക്രട്ടറിയായതിന് പിന്നാലെ മുസ്തഫ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തുന്നത്.
ഇതോടെ എം. രാജഗോപാലൻ, പി. ജനാർദ്ദനൻ, കെ. വി. കുഞ്ഞിരാമൻ, സാബു എബ്രഹാം, കെ. ആർ. ജയാനന്ദ, വി. വി. രമേശൻ, എം. സുമതി, വി. പി. പി. മുസ്തഫ, ഇ. പത്മാവതി, സിജി മാത്യു എന്നിവരാണ് പുതിയ സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ. ജില്ലാ കമ്മറ്റി യോഗത്തിൽ പി ജനാർദ്ദനൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ സംസാരിച്ചു.
0 Comments