സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ ഇനി പൊലീസിന്‍റെ പിടി വീഴും. പിഴ ഈടാക്കാതിരിക്കാൻ വണ്ടി നിർത്തി സ്റ്റാർട്ടാക്കുന്ന സമയത്തും ഹെൽമറ്റ് ധരിച്ചാൽ മതി. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴ ചുമത്തിയത്.
കഴിഞ്ഞ ഒന്നാം തീയതി സുബൈർ നിസാമി പാനൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചത്. യാത്രാമധ്യേ സ്കൂട്ടർ ഓഫായി. നിരവധി തവണ ശ്രമിച്ചിട്ടും സ്കൂട്ടർ സ്റ്റാർട്ട് ആയില്ല. തുടർന്ന് ഹെൽമറ്റ് ഊരി താഴെവച്ച സുബൈർ നിസാമി, വണ്ടി സെന്‍റർ സ്റ്റാന്‍റിൽ കയറ്റിവച്ച് കിക്കർ അടിക്കാൻ തുടങ്ങി.
ഈ സമയം റോഡിലൂടെ കടന്നുപോയ പാനൂർ പൊലീസ് വാഹനത്തിന്‍റെ ചിത്രം പകർത്തി. ചിത്രം പകർത്തിയത് എന്തിനെന്ന് അറിയാതെ സുബൈർ പൊലീസുകാരെ നോക്കി ചിരിക്കുകയും ചെയ്തു. സ്കൂട്ടർ സ്റ്റാർട്ടായതിന് പിന്നാലെ സുബൈർ നിസാമി യാത്ര തുടരുകയും ചെയ്തു.
പിന്നീട് വാഹനത്തിന്‍റെ ഇൻഷുറൻസ് അടക്കാൻ വേണ്ടി പോയപ്പോഴാണ് ഹെൽമറ്റ് വെക്കാത്തതിന് പിഴ ചുമത്തിയതിന്‍റെ ചെല്ലാൻ സുബൈറിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
0 Comments