കാഞ്ഞങ്ങാട്: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ഭേദ ചിന്തകള്‍ക്കതീതമായി സത്യവും സ്‌നേഹവും സമത്വവും വിളംബരം ചെയ്ത പുണ്യ പ്രവാചകന്‍ മുഹമ്മദ് (സ) സ്വജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃകകളെ പിന്‍പറ്റിയും അത് ബഹുസ്വര സമൂഹത്തിലെ തങ്ങളുടെ സഹോദര സമുദായ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയും നബിദിനാഘോഷം മാതൃകാപരമാക്കി തീര്‍ക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് ഇന്‍ ചാര്‍ജ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി എന്നിവര്‍ ആഹ്വാനം ചെയ്തു.
നബിദിനത്തോടൊപ്പം തന്നെ ഓണവും വന്നു ചേരുന്ന മൈത്രിയുടെയും സ്‌നേഹത്തിന്റെയും സവിശേഷ സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തെ ഹൃദ്യമാക്കും വിധം ആഘോഷത്തിന്റെ നന്മകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന് അവര്‍ പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു. ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും, അവരുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കൊണ്ടുള്ളതായിരിക്കണം നമ്മുടെ ഇത്തവണത്തെ നബിദിനാഘോഷം എന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ഘോഷയാത്രകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വഴി തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും ക്രമീകരിക്കണം എന്നും, ജാഥകളില്‍ ഏതെങ്കിലും വ്യവസ്ഥകളെയോ സംവിധാനങ്ങളെയോ വെല്ലുവിളിക്കുന്ന വേഷഭൂഷാദികളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കാന്‍ ഒരു കാരണവശാലും പാടില്ലെന്നും പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.
മാനവ രാശിക്ക് ആകമാനം മാര്‍ഗ്ഗ ദര്‍ശനമായും അനുഗ്രഹമായും കടന്നു വന്ന പുണ്യ പ്രവാചകന്റെ ജന്മദിനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു
0 Comments