ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം, ആശംസയർപ്പിച്ചു യോഗി ആദിത്യനാഥ്, നന്ദി പറഞ്ഞു മന്ത്രി വാസവൻ; മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറിൽ

ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം, ആശംസയർപ്പിച്ചു യോഗി ആദിത്യനാഥ്, നന്ദി പറഞ്ഞു മന്ത്രി വാസവൻ; മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറിൽ



പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായി. തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ആണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.


ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ കാറില്‍ ആണ്എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയില്‍ എത്തിയത്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു.


അതേസമയം അയ്യപ്പസംഗമത്തിനെതിരെ ബിജെപിയുടെ എതിര്‍പ്പ് തുടരുന്നതിനിടെ, പരിപാടിക്ക് പിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നു. പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസകള്‍ നേര്‍ന്നത്. ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്നു സന്ദേശത്തിൽ പറഞ്ഞു.


ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 


ക്ഷണത്തിന് ദേവസ്വം മന്ത്രി വിഎന്‍ വാസവന് ആദിത്യനാഥ് നന്ദി അറിയിക്കുകയും ചെയ്തു. പ്രതിപക്ഷവും സംസ്ഥാനത്തെ ബിജെപിയും അയ്യപ്പ സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സമയത്താണ് യോഗിയുടെ ആശംസ. സമ്മേളനത്തോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന ബിജെപിയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എസ്എന്‍ഡിപി, കെപിഎംഎസ്, എന്‍എസ്എസ് തുടങ്ങിയ പ്രമുഖ ഹിന്ദു സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ, ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

0 Comments