ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് പങ്കെടുക്കും. 25ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലാണ് ഐക്യദാർഢ്യ സമ്മേളനം.
ഫ്രണ്ട് ലൈൻ മുൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. മനസ്സാക്ഷിയുള്ള ഓരോ മനുഷ്യരുടെയും കരളലിയിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും ഫലസ്തീനിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഗസ്സയിലെ നിസ്സഹായരായ മനുഷ്യർക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ ഓരോ ദിവസവും മരിച്ചുവീഴുകയാണ്. ലോകം മുഴുവൻ ഇസ്രായേലിന്റെ നരവേട്ടക്കെതിരെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഐക്യദാർഢ്യ സമ്മേളനത്തിന്റെ പ്രചാരണത്തിനും പങ്കാളിത്തത്തിനും വേണ്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.

0 Comments