പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് ഒരു മാസത്തേക്ക് പരോൾ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോൾ. രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി എ. അശ്വിൻ എന്നിവർക്ക് കഴിഞ്ഞ ദിവസം പരോൾ ലഭിച്ചു. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പതിനഞ്ചാം പ്രതി എ.സുരേന്ദ്രന്റെ (വിഷ്ണു സുര) പരോൾ അപേക്ഷയിൽ ബേക്കൽ പൊലീസിന്റെയും കൊല്ലപ്പെട്ട ശരത്‌ലാൽ, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് അയച്ചിട്ടുണ്ട്. പരോൾ അനുവദിക്കരുതെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. ക്രമസമാധാന പ്രശ്നം കാരണം പരോൾ അനുവദിക്കരുതെന്നു ബേക്കൽ പൊലീസും റിപ്പോർട്ട് നൽകിയെന്നാണ് വിവരം. പൊലീസിന്റെയും ജയിൽ ഉപദേശക സമിതിയുടെയും റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പാണ് പരോൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
പെരിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്ന സർക്കാർ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന് 2022ൽ ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
0 Comments