തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ; ഫലം 13ന്
Monday, November 10, 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ രണ്ടു ഘട്ടമായി നടക്കും. ഡിസംബർ ഒമ്പത്, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം നവംബർ 21നാണ്. സൂക്ഷ്മപരിശോധന നവംബർ 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന് പ്രസിദ്ധീകരിച്ചു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. 2020ൽ കോവിഡ് കാലത്ത് ഡിസംബർ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്.
0 Comments