കാസർകോട് : നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും നല്കുന്ന സമൂഹ സൃഷ്ടി ലക്ഷ്യം വെച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്ര ഇന്ന് ജനുവരി ഒന്നിന് കാസർകോട് നിന്ന് തുടക്കം കുറിക്കും.
മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ചെർക്കള നൂറുൽ ഉലമ എം എ ഉസ്താദ് നഗർസജ്ജമായി.
ഉച്ചക്ക് 12.30ന് ഉള്ളാൾ ദർഗയിൽ സിയാറത്ത് നടത്തിയ ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്മാൻ കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങളും ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർക്ക് പതാക കൈമാറും. സയ്യിദ് ഇബ്രീഹം ഖലീൽ ബുഖാരിയും പേരോട് അബ്ദു റഹ്മാൻ സഖാഫിയുമാണ് ഉപനായകർ. സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നതരായ 40 നേതാക്കൾ യാത്രയിലുണ്ടാകും.
2.30ന് ജില്ലാതിർത്തിയായ തലപ്പാടിയിൽ വെച്ച് കേരള യാത്രാ സാരഥികളെ കാസർകോട് ജില്ലാ നേതാക്കൾ സ്വീകരിക്കും.
ദേശീയ പാത വഴി നീങ്ങുന്ന യാത്രയെ നാല് മണിക്ക് ചെർക്കളക്കു സമീപം വെച്ച് 313 അംഗ സെന്റിനറിഗാർഡിന്റെ നേതൃത്വത്തിൽ നഗരിയിലേക്ക് സ്വീകരിച്ചാനയിക്കും. 5 മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം രാത്രി 9 മണിക്ക് സമാപിക്കും. വിവിധ വിഷയാവതരണവും മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുകരുടെ പ്രഭാഷണവും നടക്കും.
സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ നഗരിയിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. നൂറു പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കൂറ്റൻ സ്റ്റേജ് സജ്ജമായി. അടുക്കി വെച്ച പുസ്തക മാതൃകയിൽ നൂറുൽ ഉലമ എം എ ഉസ്താദിന്റെ രചനാ ലോകത്തേക്ക് മിഴി തുറക്കുന്ന പ്രവേശന കവാടം എറെ ആകർഷണീയമാണ്.
പാർക്കിങിന് സിറ്റിസൺ നഗർ മുതൽ കെട്ടുകല്ല് വരെയും മുള്ളേരിയ റോഡിലും ബേവിഞ്ച റോഡിലും വിവിധ സ്ഥങ്ങളിൽ സൗകര്യമൊരുക്കി. 300 അംഗ വളണ്ടിയർ വിംഗിന്റെ സേവനം പ്രയോജനപ്പെടുത്തും.


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ