കൊല്ലം: സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു. 30 വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വിട്ടത്. സി.പി.എമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നും ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും സുജ പറഞ്ഞു. ജില്ല ലീഗ് ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളിൽനിന്ന് സുജ പാർട്ടി അംഗത്വം സ്വീകരിച്ചു. തെക്കൻ കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു.
ലീഗിൽ വിസ്മയമുണ്ടാകുന്നത് തെക്കൻ ജില്ലകളിലാണെന്ന് തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. കൊല്ലം ജില്ലയിൽനിന്ന് സി.പി.എം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിത നേതാവാണ് സുജ. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. കൊട്ടാരക്കര സമ്മേളനത്തിലും അതിന് ശേഷം നടന്ന കൊല്ലം സമ്മേളനത്തിലും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുജ ചന്ദ്രബാബു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ