വ്യാഴാഴ്‌ച, ഫെബ്രുവരി 05, 2026


കാസര്‍കോട്: മുക്കുപണ്ടം സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി പണം തട്ടിയെടുക്കുന്ന നാലംഗസംഘത്തെ കാസര്‍കോട് പൊലീസ് വിദഗ്ദമായി പിടികൂടി. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ അര്‍ജുന്‍ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവന്‍ലാല്‍ (62), ഹരിലാല്‍ (37) എന്നിവരാണ് കാസര്‍കോട് ചന്ദ്രഗിരി ജംക്ഷനില്‍ വച്ച് പൊലീസ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു.

പ്രതികളില്‍ നിന്ന് ഏഴു കിലോ വ്യാജ ആഭരണങ്ങളും, പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഏഴു ഗ്രാം സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. ഇരുനൂറിലേറെ മുക്കുപണ്ട മാലകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.  ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡി, എ.എസ്.പി അച്യുത് അശോക് എന്നിവര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡും കാസര്‍കോട് ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.  സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി, കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഒറ്റനോട്ടത്തില്‍ സ്വര്‍ണം അല്ലെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കോപ്പര്‍, കാഡ്മിയം എന്നിവ ഉപയോഗിച്ചാണു സംഘം സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.  ഒരാഴ്ചയായി തട്ടിപ്പ് സംഘം ജില്ലയിലുണ്ട്. പള്ളിക്കരയിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്തിയ ശേഷമാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്തശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമാകുകയുള്ളൂ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ