കാഞ്ഞങ്ങാട്: നബിദിന പരിപാടികൾ പ്രവാചകന്റെ മാതൃകകൾക്കും സുന്നത്തുകൾക്കും അനുസൃതമായിരിക്കണമെന്നും, നബിദിനവും ഉത്രാടവും ഈ മാസം 25 നാകയാൽ ഉത്ത്രാടത്തിരക്കും നബിദിന ഘോഷയാത്രകളും നഗരങ്ങളിൽ ഒന്നിച്ചാകുന്നത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ച് കാഞ്ഞങ്ങാട് ടൗൺ ഉൾപ്പെടെ നഗര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന നബിദിനഘോഷയാത്രകൾ ഓഗസ്റ്റ് 26-ലേക്ക് മാറ്റാൻ പ്രസിഡന്റ് മുബാറക് ഹാസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സമ്പൂർണ്ണ യോഗം തീരുമാനിച്ചു. സംയുക്ത ജമാ അത് പ്രവർത്തക സമിതി അംഗങ്ങൾ, അംഗ മഹല്ല് പ്രസിഡന്റ് ജനറൽ സെക്രെട്ടറിമാർ, ഖത്തീബുമാർ, മീലാദ് കമ്മിറ്റി ചെയർമാൻ,കൺവീനർമാർ എന്നിവരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 26 തിരുവോണ ദിവസമാണെങ്കിലും ഓണ സദ്യയും മറ്റുമായി ആഘോഷങ്ങൾ ഗൃഹാന്തരീക്ഷത്തിലാകയാൽ ഉച്ചയോടെ അവസാനിക്കുന്ന ഘോഷ യാത്രകൾ ഓണാഘോഷത്തിന് തടസമാകില്ലെന്ന് യോഗം വിലയിരുത്തി.സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്' ഐക്യദാർഢ്യം പ്രഖ്യാപിച്ച് നബിദിന പരിപാടിയോടനുബന്ധിച്ച് മഹല്ലുകളിൽ പ്രതിജ്ഞയെടുക്കാനും യോഗം ആഹ്വാനം ചെയ്തു.25ന് ഗ്രാമ പ്രദേശങ്ങളിലും 26 ന് നഗരങ്ങളിലും നടക്കുന്ന ഘോഷ യാത്രകളിലെ വേഷം മുദ്രാവാക്യം മുതലായവ പ്രവാചക ചര്യയോട് നീതി പുലർത്തുന്നതാകണം. വഴിയാത്രക്കാർക്കോ വാഹന ഗതാഗതത്തിനോ തടസ്സമുണ്ടാക്കരുത്.
അനാവശ്യ വാദ്യഘോഷങ്ങൾ ഒഴിവാക്കണം ഒരേ സമയം ഒന്നിലധികം ഘോഷയാത്രകൾ ഒരേവഴിയിലൂടെ വന്ന് കൂട്ടിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി ഭാരവാഹികൾ പരസ്പരം ബന്ധപ്പെട്ട് ക്രമീകരണം ഏർപ്പെടുത്തണം. നബിദിന ജാഥകളിൽ നൽകുന്ന മധുര പാനീയങ്ങൾ ആരോഗ്യകരവും പരിസര മലിനീകരണത്തിന് കാരണമാകാത്തതുമായിരിക്കണം.അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അവ വിതരണം ചെയ്യുന്നവർ സംവിധാനമുണ്ടാക്കണം.കമ്മിറ്റി നിർദ്ദേശിച്ചു.
നബിദിന പരിപാടിയുടെ ഭാഗമായി മഹല്ലുകളിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിനോടൊപ്പം ലഹരി വിപത്തിനെതിരെയും സർക്കാർ നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയോട് ഐക്യപ്പെട്ടും അസംബ്ലി ചേർന്ന് പ്രതിജ്ഞയെടുക്കണം. മഹല്ല് ഭാരവാഹികളോ കമ്മിറ്റി പ്രതിനിധികളോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ജനങ്ങൾ ഏറ്റുചൊല്ലുകയും വേണം. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ നബിദിന സമ്മേളനം സെപ്റ്റംബറിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. മുൻ ജനറൽ സെക്രട്ടറി എം. മൊയ്തു മൗലവി ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി ശരീഫ് എഞ്ചിനീയർ സ്വാഗതവും വൈസ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ എം.കെ അബൂബക്കർ ഹാജി, പി.കെ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, താജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി, മുൻ പ്രസിഡന്റ് സി. കുഞ്ഞാമദ് ഹാജി പാലക്കി തുടങ്ങിയവരും സംയുക്ത ജമാഅത്തിന് കീഴിലുള്ള മഹല്ലുകളിൽ നിന്നുള്ള പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഖത്തീബുമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മീലാദ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ