കുണിയ: വർഗീയതയ്ക്കും മതരാഷ്ട്രവാദത്തിനുമെതിരേ ഒന്നിച്ചുനീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നൂറാം വാർഷികത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ പ്ലാറ്റ്‌ഫോമിൽനിന്നുകൊണ്ടുമാത്രമേ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കഴിയൂവെന്നും അതാണ് സമസ്ത തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സമസ്ത വിശ്വാസകാര്യങ്ങളിൽപോലും പ്രകോപനരഹിതമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഒരു മതവും ഭാഷയും വസ്ത്രരീതിയും ഭക്ഷണശീലവും മതിയെന്ന വിധം ബഹുസ്വരതയെ തകർക്കുന്ന നിലപാടുകളാണ് രാജ്യം ഭരിക്കുന്നവർ കൈക്കൊള്ളുന്നത്. പൗരത്വത്തിനുപോലും മതം മാനദണ്ഡമാകുന്ന സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തിൽ മതനിരപേക്ഷ പക്ഷത്തുള്ളവർ ഒന്നിച്ച് മുന്നോട്ടുപോകേണ്ടതുണ്ട് -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്നലെ രാവിലെ മുതല്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ജനസാഗരം കുണിയയില്‍ ശുഭ്രസാഗരം തീര്‍ത്തു. ആയിരത്തോളം പോലീസുകാരുടെയും നാലായിരത്തോളം വിഖായ വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരുന്നത്.
വിവിധ കര്‍മ്മപദ്ധതികള്‍ക്കും പ്രമേയങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും പഠനാര്‍ഹമായ ക്ലാസുകള്‍ക്കും വേദിയായ അഞ്ച് ദിവസത്തോളം നീണ്ട ശതാബ്ദി ക്യാമ്പിന് സമാപനം കുറിച്ചാണ് കുണിയയില്‍ പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നൂറാം വാര്‍ഷിക മഹാസമ്മേളനം നടന്നത്. രണ്ട് വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ വെച്ചായിരുന്നു നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം നടന്നത്. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമാപന മഹാസമ്മേളനത്തിന് സ്വാഗതം പറഞ്ഞു. ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രമേയ പ്രഭാഷണം സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് അലിയ്യുല്‍ ഹാശിമി യു.എ.ഇ, ഹമദ് സാമി ഹുസൈന്‍ റാഷിദ് അദ്ദൗസരി ബഹ്‌റൈന്‍, അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഹസന്‍, ഇറാഖ് ഗ്രാന്റ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഈ, മുഹമ്മദ് കോയ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
സെന്റിനറി അവാര്‍ഡ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്ക് നല്‍കി. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂട്ട് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി ഷാര്‍ജക്ക് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം സമ്മാനിച്ചു. പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, ഡോ പു മുഹമ്മദലി ഗഫാര്‍, ബംഗളൂരു എം.എല്‍.എ എന്‍.എ ഹാരിസ്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഇബ്രാഹിം ഹാജി കുണിയ, ടി.കെ യൂസുഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. പത്ത് വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നടന്ന സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നൂറാം വാര്‍ഷിക പ്രഖ്യാപനം നടത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ