തിങ്കളാഴ്‌ച, മാർച്ച് 02, 2026


അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി സംസാരിക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് തങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അലി ലാരിജാനി വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ട്രംപും പ്രതികരിച്ചിരുന്നു. നാല് ആഴ്ചകളോളം യുദ്ധം നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയ്‌ക്കെതിരെ ആക്രമണം തുടരുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ആയുധം താഴെവെച്ചില്ലെങ്കില്‍ നാശമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇസ്രയേലും അമേരിക്കയും ഇറാനില്‍ ആക്രമണം തുടരുകയാണ്. ടെഹ്‌റാനിലെ ആശുപത്രിയടക്കം തകര്‍ന്നു.നിലൂഫാര്‍ സ്‌ക്വയറിലെ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സനന്ദജ് നഗരത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ