ചൊവ്വാഴ്ച, മാർച്ച് 03, 2026


കാസര്‍കോട് ജില്ലയുടെ കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന വമ്പന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 496.50 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മിക്കുന്നത്. ഫിഫ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുങ്ങുന്ന സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ടിന്റെ ശിലാസ്ഥാപനം ഇന്ന്(മാര്‍ച്ച് മൂന്നിന്) ഉച്ചയ്ക്ക് 2.30ന് ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കറിന്റെ അധ്യക്ഷതയില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിക്കും.  


ഇതോടൊപ്പം സംസ്ഥാന കായിക വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. പ്രൊഫ. പി. രഘുനാഥ്‌  നിര്‍വ്വഹിക്കും. നിലവില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ 18 കായിക താരങ്ങളുമായി ജില്ലാ ഫുട്‌ബോള്‍ അക്കാദമി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ ടര്‍ഫ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ താരങ്ങളെ താമസിപ്പിച്ചു പരിശീലിപ്പിക്കുന്നതിനായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ ദേശീയ മത്സരങ്ങള്‍ക്കും സംസ്ഥാന ടീമുകളുടെ ക്യാമ്പുകള്‍ക്കും വേദിയാകാന്‍ ഈ സ്റ്റേഡിയം സജ്ജമാകും. കൂടാതെ, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും അത്‌ലറ്റിക് ഹോസ്റ്റലും നിര്‍മ്മിക്കുന്ന കാര്യവും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സജീവ പരിഗണനയിലാണ്.


ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കായിക വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വിദ്യാനഗര്‍ ഉദയഗിരിയിലെ അക്കാദമിയില്‍ കബഡി, വോളിബോള്‍ പരിശീലനവും ഖേലോ ഇന്ത്യ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫെന്‍സിംഗ് പരിശീലനവും നല്‍കി വരുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ വര്‍ഷം മുതല്‍ എന്‍.ഐ.എസ് കോച്ചുമാരുടെ സേവനം ലഭ്യമാക്കി സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജില്ലയ്ക്ക് മുന്‍പ് നഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് ഡിവിഷന്‍ തിരികെ കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും നടന്നുവരികയാണ്. സ്‌പോര്‍ട്‌സ് കിറ്റുകള്‍ ക്ലബ്ബുകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും  സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്അറിയിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ