കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏല്‍പ്പിച്ചാണ് പുതുക്കിയ ടെണ്ടര്‍ നടപടികള്‍ നടത്തിയത്. നേരത്തേയുള്ള കരാറില്‍ ചില പുതുക്കലോടെ ഒപ്പുവച്ചായിരിക്കും കിറ്റ്‌കോ മുഖേന നിര്‍മ്മാണം പുനരാരംഭിക്കുക. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ആസ്പത്രി ബ്ലോക്കിന് 91 കോടി രൂപ അനുവദിച്ചിരുന്നത്. അതില്‍ 50 കോടി രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നബാര്‍ഡില്‍ നിന്ന് 41 കോടി രൂപ ലഭിക്കുന്നതിന് തടസ്സമായി. ഇതേ തുടര്‍ന്ന് മറ്റു നിര്‍മ്മാണ പ്രവര്‍ത്തികളിലുള്‍പ്പെടെ ഏതാനും മാറ്റം വരുത്തി കിഫ്ബി അനുവദിച്ച ഫണ്ടില്‍ തന്നെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് ധാരണയാവുകയായിരുന്നു. ആസ്പത്രിക്കെട്ടിടം പണി പൂര്‍ത്തിയാക്കാത്തത് കാരണം മെഡിക്കല്‍ കോളജില്‍ കിടത്തിച്ചികിത്സ ആരംഭിച്ചിരുന്നില്ല. ഇതുകാരണം എം.ബി.ബി.എസ് കോഴ്‌സ് ഇവിടെ ആരംഭിച്ചപ്പോഴും ടീച്ചിങ് ആസ്പത്രിയായി ഉപയോഗപ്പെടുത്തിയത് കാസര്‍കോട് ജനറല്‍ ആസ്പത്രിയെയാണ്. അക്കാദമിക് ബ്ലോക്ക് മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇവിടെ എം.ബി.ബി.എസ് ക്ലാസുകളും സമീപത്തെ കെട്ടിടത്തില്‍ ഒപി വിഭാഗവും പ്രവര്‍ത്തിച്ചുവരികയാണ്. 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആസ്പത്രിക്കെട്ടിടത്തിന്റെ പണി എത്രയും വേഗം തുടങ്ങി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് ഉയരാനിടയുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2024ല്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ്, ലൈബ്രറി, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണത്തിന് 160 കോടി രൂപ കിഫ്ബി ഫണ്ടില്‍ അനുവദിച്ചിരുന്നു. കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടെ തുക വകയിരുത്തിയാണ് മറ്റു ചില ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. വൈദ്യുതീകരണം, ആശുപത്രി സാമഗ്രികള്‍ എത്തിക്കുക, വിവിധ കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയ വിവിധ പ്രവൃത്തികള്‍ പല ഘട്ടത്തിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ