വെള്ളിയാഴ്‌ച, മാർച്ച് 06, 2026



ബദിയടുക്ക: മറ്റൊരാള്‍ക്ക് അനധികൃത പണമിടപാട് നടത്താന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുകൊടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്. ചെരിപ്പക്കട്ട ശാന്തിമൂലയിലെ അജ്മല്‍ മന്‍സിലില്‍ മുഹമ്മദ് ആഷിക്(20), കുമ്പഡാജെ ബെളിഞ്ചയിലെ ബി.എ റഷീദ്(22) എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. മുഹമ്മദ് ആഷികിന് കാനറാ ബാങ്ക് ചെര്‍ക്കള ശാഖയില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ട് ആഷിക് ചെങ്കള സ്വദേശിയായ യുവാവിന് അനധികൃത പണമിടപാട് നടത്താന്‍ വിട്ടുകൊടുക്കുകയായിരുന്നു. ബദിയടുക്ക എസ്.ഐ സുകുമാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയുടെ പ്രത്യേക അനുമതിയോടെ നടത്തിയ പരിശോധനയില്‍ ആദ്യം 4 ലക്ഷം, പിന്നീട് 2 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ പണമിടപാട് നടന്നതായി കണ്ടെത്തി. ഈ പണം ആഷിക് എ.ടി.എം വഴിയും ചെക്ക് വഴിയും എടുത്ത് ചെങ്കള സ്വദേശിക്ക് കൈമാറുകയായിരുന്നു. ഇതിന് ആകര്‍ഷകമായ കമ്മീഷനും ആഷികിന് ലഭിച്ചിരുന്നു. റഷീദിന് കുമ്പഡാജെ ജയനഗര ഗ്രാമീണബാങ്ക് ശാഖയിലാണ് അക്കൗണ്ടുള്ളത്. ബദിയടുക്ക എസ്.ഐമാരായ സുകുമാരന്‍, രൂപേഷ് എന്നിവര്‍ നടത്തിയ പരിശോധനയിലും അനധികൃത പണമിടപാട് നടന്നതായി കണ്ടെത്തി. 2 ലക്ഷം, 1 ലക്ഷം, 50,000 എന്നിങ്ങനെയാണ് ഈ അക്കൗണ്ടില്‍ പണമിടപാട് നടന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ