ആറ്റിങ്ങൽ; തള്ളപൂച്ചയും കുഞ്ഞുങ്ങളും ചേർന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണം ചെല്ലം വീട്ടിൽ നിഷയുടെ വീട്ടിലെ നാടൻ പൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൂച്ചകളുടെ വിളയാട്ടം നാടൊന്നാകെ പരന്നത്. വീടിന് സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തിൽനിന്ന് പാമ്പിന്റെ തലയിൽ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് ഗൃഹസ്ഥ നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോൾ രണ്ട് കുഞ്ഞ് പൂച്ചകളും പാമ്പുകളുമായി കയറിവരികയായിരുന്നു. തിരികെപോയ തള്ളപ്പൂച്ച വീണ്ടും പാമ്പുകളുമായി കയറിവന്നപ്പോഴാണ് നിഷ വീട്ടിലുള്ളവരെ വിളിച്ച് കാര്യം അറിയിച്ചത്. പിന്നാലെ പാമ്പുപിടുത്തക്കാരനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയ്ക്ക് വിവരം നൽകി. അരമണിക്കൂറിനുള്ളിൽ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകൾ ചേർന്ന് നാല് പാമ്പിനെക്കൂടി പിടിച്ചിരുന്നു. പൂച്ചകൾ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പറമ്പിൽ അവശേഷിച്ച മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടുകയും ചെയ്തു. വ്ലോഗ്സ് ഓഫ് സൂപ്പർമാൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്. പൂച്ചകളുടെ ധൈര്യത്തെ സോഷ്യൽമീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ